ജോസ് കെ മാണി വിഭാഗത്തിൻ്റെ നിലപാടനുസരിച്ച് തീരുമാനം; ചൂണ്ടയിട്ട് കോടിയേരി

തിരുവനന്തപുരം: ജോസ് കെ മാണിയെ പുറത്താക്കിയത് യുഡിഎഫിനെ ശിഥിലമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടത് മുന്നണിയുമായി ഇതുവരെ ജോസ് കെ മാണി വിഭാഗം ചര്‍ച്ച നടത്തിയിട്ടില്ല.

കെ എം മാണിയുടെ മരണ ശേഷം പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം വാങ്ങിക്കൊടുക്കാൻ പോലും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ജോസ് കെ മാണിയെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിച്ചിട്ടുമില്ല. എന്ത് നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്ന് അവരിതുവരെ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ അനുസരിച്ചാകും തുടര്‍ ധാരണകൾ. പാര്‍ട്ടിയും ഇടത് മുന്നണിയും ചര്‍ച്ച ചെയ്ത ശേഷം മാത്രമെ തീരുമാനം ഉണ്ടാകൂ എന്നും കോടിയേരി വിശദീകരിച്ചു.

യു ഡി എഫിനെ രക്ഷിക്കേണ്ട ഉത്തരവാദിത്തം എൽഡിഎഫിനില്ല. മറ്റൊരു പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ഓരോ കക്ഷികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. സിപിഐയോട് കൂടി ആലോചിച്ചെ തീരുമാനമെടുക്കൂ. സിപിഎമ്മും സിപിഐയും തമ്മിൽ നിലവിൽ തര്‍ക്കങ്ങൾ ഒന്നും ഇല്ല.

ഇടത് മുന്നണിയിൽ ചര്‍ച്ച ചെയ്ത ശേഷം മാത്രമെ മുന്നണി പ്രവേശന തീരുമാനം അടക്കമുള്ള കാര്യങ്ങളിലേക്ക് എത്തൂ. കേരള കോൺഗ്രസിൽ ജോസ് വിഭാഗത്തിന് സ്വാധീനമുണ്ടെന്നാണ് കിട്ടുന്ന റിപ്പോര്‍ട്ട്. എന്നാൽ അത്തരമൊരു ചര്‍ച്ചയിലേക്കൊന്നും കാര്യങ്ങളെത്തിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറ‌ഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ് വിലയിരുത്തൽ. വലിയ വെല്ലുവിളികൾ മറികടന്നാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. എൽഡിഎഫ് സർക്കാർ നാടിന് ആവശ്യമാണന്ന പൊതുബോധം ഉയർന്നു കഴിഞ്ഞിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വിലയിരുത്തി.

മുസ്ലീം തീവ്രവാദ ശക്തികളെ കൂട്ട് പിടിച്ചാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് അനുഗ്രഹാശിസുകളോടെയാണ് മുസ്ലീം ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടെന്നും ഇത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനിടയാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മുന്നണിയേയും തീവ്രവാദ ശക്തികളെ കൂട്ട് പിടിക്കുന്ന യുഡിഎഫിനേയും തോൽപ്പിക്കുന്നതാകണം ജനവിധി. ഇതിന് സഹായമായ രാഷ്ട്രീയ നിലപാടുകളെയാണ് ഇടത് മുന്നണി സ്വാഗതം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

യുഡിഎഫ് ശിഥിലമായ അവസ്ഥയിലാണ്. ആദ്യം പുറത്താക്കിയെന്ന് പറഞ്ഞ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല മാറ്റി നിര്‍ത്തിയിട്ടേ ഉള്ളു എന്ന് രണ്ടാമത് തിരുത്തി. ഭയപ്പെടുത്തി വശത്താക്കാം എന്നാണ് യുഡിഎഫ് കരുതിയത്. എന്നാൽ അതിന് വിപരീതമായ സാഹചര്യമാണ് നിലവിലുള്ളത്. ചെന്നിത്തലയും പ്രതിപക്ഷ നേതാക്കളും ഹെഡ്മാസ്റ്ററും കുട്ടികളും കളിക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.