ന്യൂഡെല്‍ഹി: ഡെല്‍ഹി- നാഷ്ണല്‍ ക്യാപിറ്റല്‍ റീജിയണ്‍ (എന്‍സിആര്‍) മേഖലയിലെ കൊറോണ പ്രതിരോധത്തിനു പ്രത്യേക കര്‍മ പദ്ദതി മുന്നോട്ടു വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊറോണ വ്യാപനം കുറക്കാനും മരണനിരക്ക് നിയന്ത്രിക്കാനുമായി ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ വീടു തോറുമുള്ള സ്ക്രീനിംഗ് കൊണ്ടു വരാനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മൂന്നു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്ക് അമിത് ഷാ നിര്‍ദേശം നല്കി.
കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കാനായി എന്‍സിആറിന്റെ ഭാഗമായ മൂന്നു പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരെ ഒന്നിച്ചു കൊണ്ടു വരുന്നത് ഇതാദ്യമാണ്.
ഡെല്‍ഹിയിലെ കൊറോണ രോഗികളുടെ ഭൂരിഭാഗവും ഈ പ്രദേശത്തു നിന്നുമായ സാഹചര്യത്തിലാണ് ഈ മൂന്നു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
യു.പി, ഹരിയാന സംസ്ഥാനങ്ങളോട് കൊറോണ പരിശോധനകളുടെ എണ്ണം കൂട്ടാനും ഷാ നിര്‍ദേശം നല്കി. ഇരു സംസ്ഥാനങ്ങള്‍ക്കും പരിശോധനകള്‍ക്കായി ആവശ്യമുള്ള കൂടുതല്‍ കിറ്റുകളും കേന്ദ്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങള്‍ എയിംസിന്റെ സഹായത്തോടെ ഡെല്‍ഹി എന്‍സിആറില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ടെലി മെഡിസിന് വഴി ചികിത്സാ നിര്‍ദേശങ്ങള്‍ എത്തിക്കണമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.
രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്കു മാറ്റാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം.
ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്‍സിആര്‍ മേഖലയില്‍ നിന്നും മാത്രം ഒരു ലക്ഷത്തലധികം പേര് കൊറോണ ബാധിതരായിട്ടുണ്ട്. ഇതില്‍ 31000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.