കാക്കനാട്: സീറോ മലബാർ സഭ മീഡിയാ കമ്മീഷൻ സെക്രട്ടറിയായി ഫാ. അലക്സ് ഓണംപള്ളിയും ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങരയും നിയമിതരായി. സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി ആയിരുന്ന ഫാ. ആന്റെണി തലച്ചെല്ലൂരും ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന
ഫാ.ജോബി മാപ്രകാവിലും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് പുതിയ നിയമനങ്ങൾ.
ഫാ. സെബി കുളങ്ങര ഇരിങ്ങാലക്കുട രൂപതയിലെ പരീക്കാട്ടുകര സെന്റ് മേരീസ് ഇടവകാംഗമാണ്. ഇരിങ്ങാലക്കുട രൂപതാ വൈസ് ചാൻസലറായും മീഡിയ സെന്ററായ ദർശൻ മീഡിയയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വെണ്ണൂർ സെന്റ് മേരിസ് ഇടവക വികാരിയായി പ്രവർത്തിച്ചു വരുകയായിരുന്നു.
ഫാ. അലക്സ് ഓണംപള്ളി മാനന്തവാടി രൂപതയിലെ സെന്റ് ജോസഫ് ഇടവക അംഗമാണ്. കല്യാൺ രൂപതയിലെ സേവനത്തിനുശേഷം കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഇന്ത്യ നേതൃത്വം നൽകുന്ന ഡെൽഹിയിലെ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്. വലിയകൊല്ലി ഇൻഫന്റ് ജീസസ് ഇടവക വികാരിയായിരുന്നു.
കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് യാത്രയയപ്പ് നൽകി. മാർ ജോർജ് ആലഞ്ചേരി, ഇന്റർനെറ്റ് മിഷൻ ചെയർമാൻ മാർ ജോസ് പൊരുന്നേടം, വൈസ് ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
2019 രൂപപ്പെട്ട മീഡിയ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായി ഒരു വർഷം സേവനം ചെയ്ത ഫാ.ആന്റണി തലച്ചെല്ലൂർ സഭാനിയമത്തിൽ ഉപരിപഠനത്തിനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഫാ. ജോബി മാപ്രകാവിലിന് എം എസ് ടി സഭയുടെ മൈനർ സെമിനാരിയിൽ അധ്യാപകനായാണ് പുതിയ നിയമനം.