ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ ഹൃദയഭാഗത്തില്‍ യന്ത്രഭാഗം ഒടിഞ്ഞു ഇരുന്നതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു മരിച്ച വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം തലകറക്കത്തെയെും ഛര്‍ദിയേയും തുടര്‍ന്ന് വീട്ടമ്മ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഹൃദയത്തില്‍ ബ്ലോക്കുണ്ടോ എന്നറിയാന്‍ ആന്‍ജിയോഗ്രാം നടത്തുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ യന്ത്രഭാഗം ഒടിഞ്ഞു കയറിയതിനെ തുടര്‍ന്നു ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ വച്ച് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ നടത്തി ഹൃദയത്തില്‍ ഉണ്ടായിരുന്ന ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം മാറ്റി. തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച്ചയാണ് മരിച്ചത്.
ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ആലപ്പുഴ എസ്.ഐ.ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പിഴവു സംഭവിച്ചിട്ടില്ലെന്നും യന്ത്രഭാഗം ഒടിയുന്നത് അപൂർവമായി സംഭവിക്കാമെന്നുമാണ് തട്ടാരമ്പലം വിഎച്ച്എം ആശുപത്രിയുടെ വിശദീകരണം.
സംഭവത്തെപ്പറ്റി ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ശസ്ത്രക്രിയയ്ക്കു ചെലവായ 2,60,000 രൂപ നല്‍കാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ഭാര്യയുടെ രോഗവിവരം അറിഞ്ഞ് മസ്‌കറ്റിൽ നിന്ന് എത്തിയ അജിത് റാം ചിങ്ങോലി പഞ്ചായത്തിന്റെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ്.