പാലിയേക്കര ടോള്‍പിരിവ് കാലാവധി എട്ടു വര്‍ഷം ബാക്കി; ഇതിനകം പിരിച്ചത് ചെലവിനേക്കാള്‍ 80 കോടി ₹ അധികം

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ പിരിവിന്റെ കാലാവധി ഇനിയും എട്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കെ ദേശീയ പാതയുടെ നിര്‍മാണ ചെലവിനേക്കാള്‍ 80 കോടിയോളം രൂപ ഇതിനോടകം പിരിച്ചെടുത്തതായി രേഖകള്‍ പുറത്തു വന്നു. 721.21 കോടി രൂപയാണ് ദേശീയ പാതയുടെ നിര്‍മാണത്തിനായി ചെലവു വന്നതെന്നു ദേശീയ പാത അതോറിറ്റിയുടെ രേഖകളില്‍ പറയുന്നു. എന്നാല്‍ മെയ്മാസം വരെ ടോളായി ഇവിടെ പിരിച്ചെടുത്തത് 800.31 കോടിയോളം രൂപയാണ്. 2012 ഫെബ്രുവരി മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

ദേശീയ പാതയുടെ നിര്‍മാണ ചെലവിന് ആനുപാതികമായ തുക ടോളായി പിരിച്ചു കഴിഞ്ഞാല്‍ ടോള്‍ പിരിവില്‍ കുറവു വരുത്തണമെന്നാണ് നിയമം. എന്നാല്‍ ഇതുവരെയും ഇതു പ്രാവര്‍ത്തികമാക്കാനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ല. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം 2028 ജൂലായ് 21 വരെയാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കാന്‍ അനുമതി.

ടോള്‍ പിരിവ് തുടങ്ങി എട്ടു വര്‍ഷത്തിനുള്ളില്‍ ഓരോ വര്‍ഷവും ശരാശരി 100 കോടിയോളം രൂപ ടോളായി പിരിച്ചെടുത്തിട്ടുണ്ട്. ഇതുവരെ 12 കോടി വാഹനങ്ങള്‍ ടോള്‍ പ്ലാസ വഴി കടന്നു പോയിട്ടുണ്ട്. നിലവിലെ കണക്കു പ്രകാരം വരും വര്‍ഷങ്ങളില്‍ 1200 കോടിയോളം രൂപ കമ്പനി പിരിച്ചെടുക്കുമെന്നും കണക്കാക്കുന്നു.
എന്നാല്‍ വരുമാനം കൂടുമ്പോഴും അടിപ്പാത നിര്‍മാണം ഉള്‍പ്പെടെയുള്ള കരാറിന്റെ വ്യവസ്ഥകളൊന്നും ടോള്‍ കമ്പനി നടപ്പടക്കിയിട്ടില്ല. ടോള്‍ കമ്പനിക്കു മുടക്കു മുതല്‍ തിരിച്ചു കിട്ടിയാല്‍ കരാര്‍ കാലാവധി തികയും മുമ്പ് തന്നെ ദേശീയ പാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.