വെള്ളാപ്പള്ളിയെ ന്യായീകരിച്ച് മകൻ രംഗത്ത്; മഹേശൻ ക്രമക്കേട് നടത്തി: തുഷാർ

ആലപ്പുഴ : ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി കെ കെ മഹേശൻ്റെ ആത്മഹത്യാക്കുറിപ്പ് ഇളക്കിവിട്ട വിവാദം ചെറുക്കാൻ വെള്ളാപ്പള്ളിയുടെ മകൻ തുഷാര്‍ രംഗത്ത്.

കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വന്‍ ക്രമക്കേടുണ്ടായെന്നും കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശനാണെന്നും തുഷാർ പറഞ്ഞു. മഹേശന്‍ ഒറ്റക്കാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നും ഒഴിയാനായിരുന്നു മഹേശന്റെ ആദ്യ ശ്രമം. ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്നും തുഷാര്‍ ആരോപിച്ചു.

കണിച്ചുകുളങ്ങര, ചേര്‍ത്തല ദേവസ്വങ്ങളില്‍ വന്‍ ക്രമക്കേടാണ് ഉണ്ടായത്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും തുഷാര്‍ പറഞ്ഞു. മഹേശന്‍ നിരപരാധിയാണ്, അവന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നത്. സാമ്പത്തിക ക്രമക്കേട് നടന്നതില്‍ മഹേശന് യാതൊരു ബന്ധവുമില്ല. മഹേശന്‍ എന്നെ വിളിച്ചിരുന്നു. അറസ്റ്റ് ചെയ്യുമോ എന്ന് ഭയമുണ്ട്, അങ്ങനെയാണെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്തു കളയും.’ എന്ന് മഹേശന്‍ പറഞ്ഞതായും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, കെ കെ മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു. തൂങ്ങിമരിച്ച ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സഹായി അശോകനും വേണ്ടി പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കള്‍ക്ക് വേണ്ടി തന്റെ ജീവിതം ഹോമിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

കെ കെ മഹേശന്‍ നേരത്തെ ഭാര്യക്ക് എഴുതിയ കത്ത് പുറത്തു വന്നിരുന്നു. മുന്നോട്ടു പോകാനാകാത്ത വിധം കേസില്‍ കുടുക്കിയെന്നും മാനസിക പീഡനം താങ്ങാന്‍ കഴിയാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്. മഹേശന്റെ ഭാര്യയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ടോമിന്‍ തച്ചങ്കരി കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നും, പുതിയ അന്വേഷണ സംഘത്തെ കേസ് ഏല്‍പ്പിക്കണമെന്നുമാണ് മഹേശന്റെ കുടുംബം ആവശ്യപ്പെടുന്നത്.