കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിനായി ഷംന കാസിമിനെ സമീപിച്ച സംഘം പ്രമുഖ താരങ്ങളുമായും ബന്ധപ്പെട്ടിരുന്നു. മലയാളത്തിലെ തിരക്കുള്ള നായികനടിയെ വിളിച്ച് സ്വര്‍ണക്കടത്തിന് സഹായം തേടി. കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെ സമീപിക്കാനും ശ്രമിച്ചു. പക്ഷേ ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയില്ല.
രണ്ടുകോടിയും ആഡംബരക്കാറുമാണ് ഒരു പ്രമുഖ ഹാസ്യതാരത്തിന് വാഗ്ദാനം ചെയ്തത്. പഴയകാല സംവിധായകന് പുതിയ സിനിമ എടുക്കാനായി സംഘം അഞ്ചുകോടി വാഗ്ദാനം ചെയ്തു. എല്ലാവരും ഒഴിഞ്ഞതിനാല്‍ തട്ടിപ്പ് നടന്നില്ല. തട്ടിപ്പ് സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍, പിടിയിലായ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ വ്യക്തമാക്കി. ഷംന പരാതി നല്കിയതിനാല് പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും ഐജി വ്യക്തമാക്കി. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്.
കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്. ഹൈദരാബാദില്‍ നിന്ന് കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയത്. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലും പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തിയ കേസിലും എട്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.