ന്യൂഡല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കെ നിയന്ത്രണ രേഖയിലേക്ക് 20,000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്‍. പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഭീകരസംഘടനയായ അല്‍ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിര്‍ത്തിയില്‍ വിന്യസിച്ചതിനെക്കാള്‍ കൂടുതല്‍ സേനയെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ പാക്-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ലഡാക്കില്‍ ചൈന സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെ എയര്‍ ബേസ് ക്യാമ്പ് ചൈനീസ് എയര്‍ ഫോഴ്‌സിന് സഹായമൊരുക്കുന്ന തരത്തില്‍ പാകിസ്ഥാന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈന്യം സംശയിക്കുന്നത്.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അല്‍ ബദര്‍. നീണ്ട നാളുകള്‍ക്ക് ശേഷം കശ്മീരില്‍ അല്‍ ബദറിന്റെ സാന്നിധ്യം വ്യക്തമായിട്ടുണ്ടെന്ന് നേരത്തെ ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചിരുന്നു.