അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവം; അന്വേഷണം തുടങ്ങി

അടിമാലി: പൊലീസുകാരെന്ന വ്യാജേന ഇടുക്കി അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകരെന്ന വ്യാജേന സമീപിച്ച സംഘം ഫോണിൽ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഏഴര ലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നാണ് ആരോപണം. വ്യാപാരി അടിമാലി സ്വദേശി വിജയൻ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി.

കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. അടിമാലിയിലെ വിജയൻ്റെ ബന്ധുവിൻ്റെ 9.5 സെൻറ് സ്ഥലം വാങ്ങാൻ അജിതയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ചു. വീട്ടിലെത്തി സ്ഥലമിടപാട് സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ ഫോണിൽ പകർത്തി. തുടർന്ന് അജിത വീട്ടിൽ നിന്ന് പോയതിന് പിന്നാലെ റിട്ടയേഡ് ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തി സഹദേവൻ എന്നയാൾ വിളിച്ചു.

സഹദേവന് പിന്നാലെ ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ചു. നൽകേണ്ട പണം ഏഴര ലക്ഷം രൂപയാക്കി ഉയർത്തി. ഭീഷണി ശക്തമായപ്പോൾ സംഘത്തിലെ ആരെയും പരിചയമില്ലാത്തതിനാൽ അടിമാലിയിലെ ഒരു അഭിഭാഷകൻ മുഖേന 1,37,000 രൂപ നൽകി. ഇതിനിടെ കേസ് ഒത്തു തീർക്കാമെന്ന വ്യാജേന സംഘം അടിമാലിയിലെ വിജയൻ്റെ കടയിലെത്തി.

പണം ലഭിക്കാതായതോടെ സംഘം ബന്ധുക്കളെയും ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംഭവം വീട്ടിലറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടരന്വേഷണത്തിന് കേസ് അടിമാലി സിഐയ്ക്ക് കൈമാറി.