നിരോധനം എപ്പോൾ മുതൽ; എങ്ങനെ നിരോധനം നടപ്പാക്കും; ചൈനീസ് ആപ്പുകൾ നിരോധിച്ചെങ്കിലും അവ്യക്തതകൾ ബാക്കി

ന്യൂഡൽഹി: ഇന്ത്യയിൽ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ഇന്ത്യക്കാർക്കിടയിൽ വൻ ജനപ്രീതിയുള്ളതാണ് പല ആപ്പുകളും. ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഹെലോ, യുസി ബ്രൗസർ, ഉപഭോക്തൃ കൂട്ടായ്മക്കായുള്ള ഷാവോമിയുടെ എംഐ കമ്മ്യൂണിറ്റി, ഫയൽ ഷെയറിങ് ആപ്ലിക്കേഷനുകളായ ഷെയർ ഇറ്റ്, ക്സെൻഡർ, യു ക്യാം, ക്ലബ് ഫാക്ടറി തുടങ്ങിയ ആപ്ലിക്കേഷനുകൾ അതിൽ ചിലതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ആപ്പുകൾ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നത് നിരോധനം വേഗത്തിൽ നടപ്പാക്കാൻ സർക്കാരിന് ഏറെ സഹായകമാണ്.

ഇത് എപ്രകാരം നടപ്പാക്കുമെന്നത് ഇപ്പോഴും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ മൊബൈൽ ആപ്പുകൾക്കാണ് നിലവിൽ നിരോധനം വന്നിരിക്കുന്നത്. ഗൂഗിളിനു കീഴിലാണ് പ്ലേ സ്റ്റോർ. ആപ് സ്റ്റോറിലെ ആപ്പുകളിന്മേൽ തീരുമാനമെടുക്കുന്നത് ആപ്പിളും. ഈ കമ്പനികൾക്ക് നിരോധനം സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടോയെന്നതും അവ്യക്തമാണ്.

എന്നാൽ ഐടി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പ്ലേ സ്റ്റോറിനെയും ആപ് സ്റ്റോറിനെയും കുറിച്ച് പരാമർശമുണ്ട്. ഇന്ത്യയിൽ 59 ആപ്പുകൾക്കും പ്രവർത്തനാനുമതി നൽകാതിരിക്കാനാണു തീരുമാനമെന്നും ഐടി മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും നിലവിൽ ഒട്ടേറെ ഫോണുകളിൽ പ്രവർത്തിക്കുന്നുണ്ട്. നിരോധനം എങ്ങനെ പ്രാവർത്തികമാക്കുമെന്നും എപ്പോൾ മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ഐടി മന്ത്രാലയം രാത്രി വൈകിയും വ്യക്തമാക്കിയിട്ടില്ല.

ടിക് ടോക്കിന്റെ വിധി, ബൈറ്റ്ഡാൻസിന്റെ നഷ്ടം

വലിയ തിരിച്ചടി നേരിടുക ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസ് ആണ്. 2019 ൽ ടിക് ടോക്ക് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തത് ഇന്ത്യക്കാരാണ്. 32.3 കോടി പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. അതായത് ആകെ ഡൗൺലോഡുകളുടെ എണ്ണത്തിന്റെ 44 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരം ലഭിക്കുന്ന ചുരുക്കം ചില ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നായ ടിക് ടോക്കിന് സോഷ്യൽമീഡിയാ ഭീമനായ ഫെയ്സ്ബുക്കിനെ പോലും വെല്ലുവിളിക്കാൻ ശക്തിയായത് ഇന്ത്യയിലെ സ്വീകാര്യതയാണ്. ടിക് ടോക്കിന്റെ ബലത്തിലാണ് ബൈറ്റ്ഡാൻസ് ആഗോള വിപണിയിൽ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചതും.

ഹെലോ ആപ്ലിക്കേഷനും വലിയ രീതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയായിരുന്നു. നിരോധിക്കപ്പെട്ട വിഗോ വീഡിയോ എന്ന ആപ്ലിക്കേഷൻ രാജ്യത്ത് നഷ്ടത്തിലായതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ചതാണ്.

ഇത്തവണ യുസി ബ്രൗസർ പെട്ടു

സ്മാർട്ഫോൺ യുഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ മൊബൈൽ ഫോണുകളിൽ സാന്നിധ്യമറിയിച്ച യുസി ബ്രൗസർ പല തവണ ഇന്ത്യയിൽ പ്രതിക്കൂട്ടിലായിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങൾ ചൈനയിലേക്ക് കടത്തുന്നുവെന്ന ആരോപണം യുസി ബ്രൗസറിനെതിരെ ഏറെ കാലമായി ഉയരുന്നതാണ്.

ചൈനീസ് ഭരണകൂടത്തിന് ചൈനീസ് കമ്പനികൾക്ക് മേൽ കടുത്ത നിയന്ത്രണാധികാരമുണ്ട് എന്നതാണ് ഈ കമ്പനികളെയെല്ലാം ആഗോള തലത്തിൽ തന്നെ സംശയ നിഴലിലാക്കുന്നത്.

ജനപ്രിയമായിരുന്ന ഫയൽ ഷെയറിങ് ആപ്പുകൾ

വൈഫൈ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തി ബ്ലൂടൂത്തിനേക്കാൾ വേഗത്തിൽ ഫയൽ കൈമാറ്റം സാധ്യമാക്കിയിരുന്ന ആപ്ലിക്കേഷനുകളാണ് ക്സെൻഡറും ഷെയറിറ്റും. ഈ ആപ്ലിക്കേഷനുകളിൽ ഏതെങ്കിലും ഒന്ന് ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ കുറവായിരിക്കും എന്നതാണ് വസ്തുത.

ഈ സേവനങ്ങൾ ഏറെ പ്രചാരം നേടിയതിന് ശേഷമാണ് പല സ്മാർട്ഫോൺ കമ്പനികളും സ്വന്തം നിലയ്ക്ക് ഫയൽ ഷെയറിങ് ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചത്.

വലിയ പ്രത്യാഘാതം ഉണ്ടാക്കില്ല.

ടിക് ടോക്കിന്റെ അഭാവം യുവാക്കൾക്കിടയിൽ വലിയ നഷ്ടമായി തോന്നാനിടയുണ്ടെങ്കിലും പകരം സംവിധാനങ്ങൾ ലഭ്യമായ ആപ്ലിക്കേഷനുകളാണ് നിരോധിക്കപ്പെട്ടിട്ടുള്ളവയിൽ പലതും. ടിക് ടോക്കിന്റെ നിരവധി ഇന്ത്യൻ പകർപ്പുകൾ ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. ഫെയ്സ്ബുക്കും യൂട്യൂബുമെല്ലാം സമാന സേവനങ്ങൾ തയ്യാറാക്കിക്കഴിഞ്ഞു.

ഗൂഗിൾ ക്രോം, എഡ്ജ് ഉൾപ്പടെ നിരവധി ബ്രൗസർ ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റിങ് ഫയൽ ക്ലീനിങ് ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ ഇതിനോടകം ലഭ്യമാണ്. അതിനാൽ തന്നെ കേവലം 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കപ്പെടുന്നത് ഇന്ത്യക്കാർക്കിടയിൽ വലിയ പ്രശ്നമുണ്ടാക്കാനിടയില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. എന്നാൽ ഇവ രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി വ്യക്തമായ വിവരം ഐടി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. 20 കോടിയോളം പേരാണ് ടിക്ടോക് ഇന്ത്യയിൽ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. 14 കോടിയാണ് ‘ലൈക്കീ’ ആപ്പിന്റെ ഡൗൺലോഡ്. യുസി ബ്രൗസർ 11.7 കോടി. ഹലോ ആപ്പാകട്ടെ ഹിന്ദിയിലും മലയാളത്തിലും ഉൾപ്പെടെ ലഭ്യമാക്കിയിരുന്നു.

വിഡിയോ ഫയലുകൾ ഉൾപ്പെടെ കൈമാറാനുള്ള ആപ്പായ ഷെയറിറ്റിന് 10 കോടിയിലേറെയായിരുന്നു ഡൗൺലോഡ്. ചില ആപ്ലിക്കേഷനുകൾ ചൈനീസ് ഉടമസ്ഥതയിലുള്ളതല്ലെന്നും സൂചനയുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്‌ഷൻ 69എ പ്രകാരമാണ് 59 ആപ്പുകൾക്കു നിരോധനമേര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ ഡിജിറ്റൽ മേഖലയിലും സാങ്കേതികതയിലും ഏറെ മുന്നേറിയതായി ഐടി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അതേ സമയംതന്നെ 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും ഡേറ്റാ സുരക്ഷയ്ക്കും നേരെ ഒട്ടേറെ വെല്ലുവിളികളും ഉയരുന്നുണ്ട്.