കുവൈറ്റിൽ രണ്ടു മലയാളികൾ കൊറോണ ബാധിച്ച് മരിച്ചു

കുവൈറ്റ്: കൊറോണ ബാധിച്ച് സന്ദർശക വിസയിൽ കുവൈറ്റിൽ എത്തിയ മലയാളി വീട്ടമ്മയും ചികിത്സയിലായിരുന്ന കോഴിക്കോട് നന്തി സ്വദേശിയും മരിച്ചു. ഇതോടെ കഴിഞ്ഞ നാലു ദിവസത്തിനിടെ കുവൈറ്റിൽ മരിച്ചവരുടെ എണ്ണം എട്ടായി.

സന്ദർശക വിസയിൽ കുവൈറ്റിൽ എത്തിയ കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65), കോഴിക്കോട് നന്തി കടലൂർ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54) എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കൊറോണ ബാധയെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെണ്ണമ്മ. കഴിഞ്ഞ ഫെബ്രുവരിയിൽ സന്ദർശക വിസയിൽ കുവൈറ്റിൽ എത്തിയ പെണ്ണമ്മ മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു.ഭർത്താവ്‌ പരേതനായ വർഗീസ് അലക്സാണ്ടർ. ഏക മകൾ : മോനി , മരുമകൻ: ജോസ്മോൻ.

നന്തി കടലൂർ സ്വദേശി ഹമീദ് കുവൈറ്റിൽ ജാബിർ ഹോസ്പിറ്റലിൽ കൊറോണ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുവൈറ്റിൽ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ; സക്കീന, മക്കൾ; സൽമി, തൻസി, സൽഗ. മൃതദേഹങ്ങൾ കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.

അതേ സമയം കുവൈറ്റിൽ കൊറോണ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 350 ആയി. 319 സ്വദേശികൾ അടക്കം 582 പേർക്കാണു തിങ്കളാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 45524 ആയി. ഇന്ന് 819 പേരാണ് രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവർ 36313 ആയി. 8861 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.