മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂലൈ 31 വരെ നീട്ടി. ജൂൺ 30ന് ശേഷം ലോക്ക്ഡൗണിൽ കാര്യമായ ഇളവുകൾ നൽകുമെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, സ്ഥിതിഗതികൾ മോശമായി തുടരുന്നതിനാൽ തീരുമാനം മാറ്റുകയായിരുന്നു. കൊറോണ വൈറസ് രോഗികളുടെ എണ്ണം വളരെയധികം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, ലോകത്തെ തന്നെ ഏറ്റവും വലിയ പ്ലാസ്മാ തെറാപ്പി ട്രയൽ മഹാരാഷ്ട്രയിൽ തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. പ്രൊജക്ട് പ്ലാറ്റിന എന്ന പേരിൽ ഗുരുതരാവസ്ഥയിലുള്ള 500ലേറെ രോഗികൾക്കാണ് ബ്ലഡ് പ്ലാസ്മ നൽകുക. 17 മെഡിക്കൽ കോളേജുകളിലായാണ് ചികിത്സ. രണ്ട് ഡോസ് വീതം 200 മില്ലി പ്ലാസ്മ വീതമാണ് രോഗികൾക്ക് നൽകുക. പത്തിൽ ഒമ്പത് പേർക്ക് എന്ന തോതിൽ പ്ലാസ്മാ തെറാപ്പി വിജയകരമായ സാഹചര്യത്തിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകാൻ തീരുമാനിച്ചത്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5493 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിൽ മാത്രം കൊറോണ രോഗികളുടെ എണ്ണം 75000ന് മുകളിലെത്തി.