യുഡിഎഫ് പുറത്താക്കിയത് കെഎം മാണിയെ: ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിനെയല്ല യുഡിഎഫ് കെട്ടിപ്പെടുത്തിയ കെഎം മാണിയെയാണ് പുറത്താക്കിയതെന്ന് ജോസ് കെ മാണി. 38 വര്‍ഷമായി യുഡിഎഫിനെ അതിന്റെ പ്രതിസന്ധി ഘട്ടത്തിലും പരീക്ഷണ ഘട്ടത്തിലും സംരക്ഷിച്ച കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളി പറഞ്ഞതെന്ന് ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

യുഡിഎഫുമായുള്ള ബന്ധം അവസാനിച്ചുവെന്ന് പറയുന്നില്ല. എന്നാല്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ല. ജനപ്രതിനിധികള്‍ രാജിവെക്കില്ല. ഭാവി നടപടികള്‍ നാളെ ചേരുന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

തങ്ങളെ പുറത്താക്കിയ യുഡിഎഫ് നടപടി രാഷ്ട്രീയ അനീതിയാണ്. യുഡിഎഫ് നേതൃത്വം പുറത്താക്കലിന് മുമ്പ് ഒരിക്കൽ പോലും തീരുമാനം അറിയിച്ചില്ല. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന നിസാര കാരണത്തിന്റെ പേരിലാണ് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പ്രശ്‌നമല്ല. അത് നീതിയുടെ പ്രശ്‌നമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ ഒരു ധാരണയുണ്ടായിരുന്നില്ല. കാലുമാറ്റക്കാരന് പാരിതോഷികമായി പദവി നല്‍കണെന്ന് വാദം അംഗീകരിക്കാനാവില്ലെന്ന് നേരത്തെ യുഡിഎഫ് നേതത്വത്തെ അറിയിച്ചതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ അത് അംഗീകരിക്കാമായിരുന്നു.

ധാരണയുടെ കാര്യമാണ് ഇവര്‍ എപ്പോഴും പറുന്നതെങ്കില്‍ പിജെ ജോസഫിനെ ആയിരം വട്ടം പുറത്താക്കണമായിരുന്നു. പാലാ തെരഞ്ഞെടുപ്പില്‍ ഉടനീളം യുഡിഎഫിനെ തോല്‍പ്പിക്കുന്ന നടപടികളല്ലേ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടപ്പോള്‍ എന്തുനടപടിയാണ് യുഡിഎഫ് സ്വീകരിച്ചത്. കരാര്‍ എല്ലാവര്‍ക്കും ഒരു പോലെയല്ല. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണയെന്നും ജോസ് കെ മാണി പറഞ്ഞു

സെലക്ടീവായ ജസ്റ്റിസ് ഇന്‍ജസ്റ്റിസാണ്. ചിലത് യുഡിഎഫ് നേതൃത്വം ബോധപൂര്‍വം മറക്കുകയാണ്. നിരന്തരമായി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നത് എത്രയോ തവണ പറഞ്ഞു. എന്നിട്ട് എന്തെങ്കിലും നടപടിയുണ്ടായോ. ഇപ്പോള്‍ യുഡിഎഫ് യുഡിഎഫ് വിടുമെന്ന ഭീഷണിപ്പെടുത്തിയപ്പോള്‍ യുഡിഎഫ് നേതൃത്വം അതിന് മുന്നില്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. കേരളാ കോണ്‍ഗ്രസ് ഭംഗിയായി മുന്നോട്ടുപോകുമെന്നും ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും ജോസ് കെ മാണി പറഞ്ഞു.