എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; വെബ് സൈറ്റ്, മൊബൈൽ ആപ്പ് വഴി ഫലം അറിയാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലം വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി അറിയാം. www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈൽ ആപ് വഴിയും എസ് എസ് എൽ സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കിയതായി കൈറ്റ് അധികൃതർ അറിയിച്ചു.

ഓരോ വിദ്യാർഥിയുടേയും ഫലത്തിന് പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2020’ എന്നു നൽകി ആപ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്ത് വെക്കാം. മൊബൈൽ ആപ് നേരത്തെതന്നെ ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പമാക്കുമെന്ന് കെറ്റ് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറെ പ്രതിസന്ധികൾക്കിടെയായിരുന്ന് പരീക്ഷകൾ നടത്തിയത്.