തൂത്തുക്കുടിയിൽ കസ്റ്റഡിയിൽ അച്ഛനും മകനും മരിച്ച കേസ് സിബിഐക്ക് കൈമാറും

ചെന്നൈ: തൂത്തുക്കുടിയിൽ കസ്റ്റഡിയിൽ അച്ഛനും മകനും മരിച്ച കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിൽ അച്ഛനും മകനും കൊല്ലപ്പെട്ടത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്‌സും പിന്നീട് മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു. സംഭവത്തിൽ സാത്താങ്കുളം ഇൻസ്‌പെക്ടർ ശ്രീധറിനെ സസ്‌പെൻഡ് ചെയ്തു.

അമിതമായി രക്തസ്രാവം ഉണ്ടായതോടെ കടുംനിറത്തിലുള്ള ലുങ്കി കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും കോവിൽപ്പെട്ടി ജനറൽ ആശുപത്രി ഫിറ്റന്‌സ് സർട്ടിഫിക്കറ്റ് നൽകിയെന്നും ആരോപണമുണ്ട്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജയരാജന്റേയും ബെനിക്‌സിന്റേയും ബന്ധുക്കൾ രംഗത്തെത്തി. നടന്നത് കൂട്ടായ ആക്രമണമാണെന്ന് ബന്ധുക്കൾ ചൂണ്ടികാട്ടി.

അതിനിടെ ഞായറാഴ്ച തമിഴ്നാട്ടിൽ വീണ്ടും കസ്റ്റഡി മരണമുണ്ടായി. ഓട്ടോ ഡ്രൈവറായ കുമാരനാണ് പോലിസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ മരിച്ചത്. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഓട്ടോ ഡ്രൈവർ.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കുമാരനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. തിരികെ വീട്ടിൽ എത്തിയ ഇയാൾ പിന്നീട് രക്തം ഛർദ്ദിക്കാൻ തുടങ്ങിയതോടെ സുരണ്ടായിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും തിരുനെൽവേലിയിൽ ആശുപത്രിയിൽ എത്തിച്ചതോടെ വൃക്കക്കും ആന്തരികാവയവങ്ങൾക്കും ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് ഡോക്ടർമാർ അറിയിച്ചു.

പോലിസുകാർ സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച കാര്യം കുമാരൻ അപ്പോഴാണ് വെളിപ്പെടുത്തുന്നത്. സംഭവിച്ച കര്യങ്ങൾ പറഞ്ഞാൽ അപായ പ്പെടുതുമെന്നും പിതാവിനെ ഉപദ്രവിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മരിക്കുന്നതിനു മുൻപ് കുമാരൻ വെളിപ്പെടുത്തി.
ഇതിനെതിരെ കുമാരന്റെ ബന്ധുക്കൾ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പോലിസ് കേസെടുത്തു. വരും ദിവസങ്ങളിൽ ഇതും വിവാദമായേക്കും.