ചൈനീസ് നയതന്ത്രജ്ഞനുമായുള്ള അഭിമുഖം; പിടിഐ ബന്ധം അവസാനിപ്പിക്കും: പ്രസാർ ഭാരതി

ന്യൂഡെൽഹി: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ( പി ടി ഐ) വാർത്താ ഏജൻസിയുമായുള്ള ബന്ധം നിർത്തലാക്കുമെന്ന് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമായ പ്രസാർ ഭാരതി. ഇന്ത്യയിലെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്രസാർ ഭാരതി ഭീഷണിയുമായി രംഗത്തെത്തിയത്. വാർത്താ ഏജൻസിയുടെ എഡിറ്റോറിയൽ നിലപാടുകളാണ് പ്രസാർ ഭാരതിയെ ചൊടിപ്പിച്ചിരിക്കുന്നത്.

സൺ വെയ്‌ഡോങ്ങിന്റെ അഭിമുഖമാണ് പിടിഐ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയാണ് ഇദ്ദേഹം. ഇത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പിടിഐക്ക് പ്രസാർ ഭാരതിയുടെ ശക്തമായ ഭാഷയിലുള്ള കത്ത് ലഭിച്ചത്. ലഡാക്കിലെ ഇന്ത്യൻ- ചൈനീസ് പട്ടാളക്കാരുടെ ഏറ്റുമുട്ടലിന് കാരണം ഇന്ത്യയാണെന്നായിരുന്നു അഭിമുഖത്തിൽ സ്ഥാനപതി വ്യക്തമാക്കിയത്. ഇതാണ് പ്രസാർ ഭാരതിക്ക് പ്രകോപനമുണ്ടാക്കിയതെന്നാണ് വിവരം.

രാജ്യതാത്പര്യത്തിന് നിരക്കാത്തതാണ് ഇതെന്നും ദേശവിരുദ്ധമായ റിപ്പോർട്ടിംഗ് ആണ് നടത്തിയതെന്നും പ്രസാർ ഭാരതി അധികൃതർ. ഇത് കൂടാതെ പി ടി ഐയുടെ പല രീതികളും പ്രവർത്തനങ്ങളും പ്രസാർ ഭാരതിക്ക് അതൃപ്തിയുണ്ടാക്കുന്ന തരത്തിലാണെന്നാണ് അധികൃതർ നൽകുന്ന സൂചന.