കൊറോണ രോ​ഗികൾക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി

ന്യൂഡെല്‍ഹി: തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിനു പകരം ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. തീവ്രമോ ഗുരുതരമോ ആയ രോഗമുള്ളവര്‍ക്ക് സൂക്ഷ്മ വൈദ്യനിരീക്ഷണത്തിനു കീഴില്‍ മാത്രമേ ഡെക്‌സമെത്തസോണ്‍ നല്‍കാന്‍ പാടുള്ളൂവെന്ന് ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കിയിട്ടുണ്ട്.

വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍. ഓക്‌സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം ഉള്ളവര്‍ക്കും ഡെക്‌സമെത്തസോണ്‍ നല്‍കാമെന്ന് പുതുക്കിയ ‘ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ പറയുന്നു.

ബ്രിട്ടനില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സമെത്തസോണ്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്‌സമെത്തസോണ്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യസംഘടന നടത്തുകയും ചെയ്തിട്ടുണ്ട്.