കണ്ണൂര്‍: കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്വാശ്രയ-സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്. ഒരു ലക്ഷത്തോളം പേര്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയി. കണ്ണൂരില്‍ മാത്രം 10,000 കുട്ടികളാണ് സി.ബി.എസ്.ഇ സ്‌കൂളുകളുള്‍പ്പെടെ ഉപേക്ഷിച്ചത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂളുകളില്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ഉണ്ടാവില്ലെന്ന ആശങ്കയാണ് ഒരു വിഭാഗം രക്ഷിതാക്കളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ നിന്ന് അകറ്റിയിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ ആരംഭിച്ച പദ്ധതിയാണ് ‘ഹലോ ഇംഗ്ലീഷ്’. പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതി വന്‍വിജയമായിരുന്നു. പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ തികച്ചും ശാസ്ത്രീയമായാണ് കുട്ടികളെ ഇംഗ്ലീഷ് അഭ്യസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നു. പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതായി
കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ മുന്നേറ്റമാണ് കഴിഞ്ഞ വർഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലത്തിലെ ശ്രദ്ധേയമായ വശം. വിജയിച്ച കുട്ടികളുടെയും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെയും നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെയും എണ്ണത്തിലും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ പൂര്‍വോപരി മികച്ച നിലയിലാണ് ഇത്തവണ.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ നേട്ടത്തില്‍ അധ്യാപകര്‍ക്കുമുണ്ട് വലിയ പങ്ക്. നേരത്തെ ഇത്തരം സ്ഥാപനങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു വരികയും ഇതേ തുടര്‍ന്നു ഡിവിഷനുകള്‍ വെട്ടിക്കുറക്കുക മൂലം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതി വരികയും ചെയ്തപ്പോള്‍, കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് പഠന നിലവാരം മെച്ചപ്പെടുത്താന്‍ പല സ്‌കൂളുകളിലും അധ്യാപകര്‍ തന്നെ മുന്നോട്ടു വരികയുണ്ടായി. എസ് എസ് എല്‍ സി വിജയശതമാനത്തില്‍ വളരെ പിന്നാക്കമായിരുന്ന പല സ്‌കൂളുകളും രക്ഷിതാക്കളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണത്തോടെ അധ്യാപകര്‍ നടത്തിയ തീവ്രയത്‌നം കൊണ്ട് വന്‍ മുന്നേറ്റം കൈവരിക്കുകയും നൂറ്‌മേനി സ്‌കൂളുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്.