കാസര്‍കോട്: വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയ മുൻ പഞ്ചായത്തംഗത്തെ കൈയോടെ പിടികൂടി. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി. കാസര്‍കോട് ആലംപാടിയില്‍ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ 2 നില വീട്ടിലേക്കു ആണ് റോഡരികിലെ വൈദ്യുതി തൂണില്‍ നിന്നു നേരിട്ടു വൈദ്യുതി മോഷണം നടത്തിയത്. വഴിവിളക്ക് മറയാക്കിയായിരുന്നു വൈദ്യുതി മോഷണം.
വൈദ്യുതി പോസ്റ്റില്‍ വൈദ്യുതി ബോര്‍ഡിന്റെ അനുമതിയില്ലാതെ ആണ് 60 വാട്ട് എല്‍ഇഡി ബള്‍ബ് സ്ഥാപിച്ചതെന്നും വീടിന്റെ മതിലിനു ചേര്‍ന്നുള്ള വഴി വിളക്ക് ഡിപി സ്വിച്ച് വഴിയാണ് വീട്ടിലേക്കു വൈദ്യുതി ചോര്‍ത്തിയത് എന്നും അധികൃതര്‍ കണ്ടെത്തി.
വീട്ടിലെ വൈദ്യുതി കണക്ടഡ് ലോഡ് 10 കിലോ വാട്ട് ആണ് ഉണ്ടായിരുന്നത്. ഇതിനു കിലോവാട്ട് 4000 രൂപ തോതില്‍ 40000 രൂപ കോംപൗണ്ടിങ് ഫീ ഈടാക്കിയാണ് വീട് ഉടമയെ ക്രിമിനല്‍ നടപടികളില്‍ നിന്നു ഒഴിവാക്കിയത്. വൈദ്യുതി ചാര്‍ജും പിഴയും കോംപൗണ്ടിങ് അടക്കം 2,44097 രൂപ ഈടാക്കി.