തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാനാണ് നിര്‍ദേശം. പിഴയടച്ചില്ലെങ്കില്‍ തടവുശിക്ഷ ലഭിക്കും. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കുകയാണു ചെയ്യുക. പിന്നീടു കേസ് കോടതിയില്‍ ഫയല്‍ ചെയ്യും.
ക്വാറന്റീന് ലംഘനം, അകലം പാലിക്കാതെയുള്ള കൂട്ടം ചേരല്‍, വാഹനങ്ങളില്‍ അധികം യാത്രക്കാരെ കയറ്റുക, രാത്രി 9 നു ശേഷം അനധികൃതമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസറോ കൈ കഴുകുന്നതിനുള്ള സംവിധാനമോ ഏര്‍പ്പെടുത്താതിരിക്കുക, നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ കടയില്‍ കയറ്റുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണു നടപടി.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആദ്യം 200 രൂപ പിഴ. വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും മാസ്ക് നിര്‍ബന്ധം. കടകളില്‍ പരമാവധി 5 പേര്‍ക്ക് ഒരേ സമയം കയറാം. വലിയ കടകളില്‍ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ ഇളവുണ്ട്. കാറുകളില്‍ ഡ്രൈവറടക്കം 4 പേര്‍ക്കു വരെ സഞ്ചരിക്കാം. ഇരുചക്ര വാഹനത്തില്‍ കുടുംബാംഗമാണെങ്കില്‍ 2 പേര്. കൂടുതല്‍ ആളെ കയറ്റുന്ന വാഹന ഉടമയ്ക്കെതിരെ കേസെടുത്തു വാഹനം പിടിച്ചെടുക്കും. വിവാഹത്തിനു പരമാവധി 50 പേരും മരണത്തിന് 20 പേരുമാകാം. കണ്ടെയ്ന്മെന്റ് സോണില്‍ നിന്നു പുറത്തേക്കും അകത്തേക്കും പ്രവേശനമില്ല.