ഡെൽ​ഹി​യി​ൽ സ്‌കൂളുകള്‍ ജൂലായ് 31 വരെ അടച്ചിടും

ന്യൂ​ഡെൽ​ഹി: ഡെൽ​ഹി​യി​ൽ അ​ടു​ത്ത മാ​സ​വും സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്കും. കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് ജൂ​ലൈ 31 വ​രെ നീ​ട്ടി​വ​ച്ചു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്.

രാജ്യതലസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് അയക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നഴ്‌സറി മുതല്‍ എട്ടാം ക്ലാസുവരെ മെയ് 11 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. സ്കൂ​ൾ സി​ല​ബ​സ് 50 ശ​ത​മാ​നം കു​റ​യ്ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഇ​ന്ന​ത്തെ ച​ർ​ച്ച​യി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്- സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ര​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.