ഇൻ്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 ₹ ; ഒടുവിൽ ആഡംബര കാറിൽ കള്ളപണം, സ്വർണ്ണക്കടത്ത്

കൊച്ചി: “ഇൻ്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ” അഞ്ജന എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ആണ് ഇത്. നിരവധി പെൺകുട്ടികൾ അഞ്ജനയെ സമീപിച്ചു. എന്നാൽ സത്യത്തിത്ത് ഫോട്ടോ ഷൂട്ടിനല്ലായിരുന്നു യുവതികളെ വിളിച്ചത്. ആഢംബര കാറുകളിൽ കള്ളപ്പണം കടത്തുന്നതിനായിരുന്നു. പണത്തിന് ആവശ്യമുള്ളവർ അഞ്ജനയുടെ വലയിൽ വീണു. പാലക്കാട് ഡയാന ഹോട്ടലിലായിരുന്നു ഇടപാട്. പത്തോളം പെൺകുട്ടികളാണ് ഒറ്റയടിക്ക് അഞ്ജനയുടെ വലയിലായത്. ഇവരുടെ സ്വർണാഭരണങ്ങളും തിരിച്ചറിയൽ രേഖകളും വാങ്ങി വെച്ച ശേഷമായിരുന്നു കള്ളപ്പണം കടത്താൻ ഉപയോഗിച്ചിരുന്നത്. പറഞ്ഞ പണം നൽകി ഇല്ലെന്ന് മാത്രമല്ല തിരിച്ചറിയൽ രേഖകളും സ്വർണവും തിരികെ ആവശ്യപ്പെട്ട യുവതിയുടെ വിവാഹം മുടക്കി. അനുഭവസ്ഥയായ യുവതി വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണ് അഞ്ജന എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. വൻ സംഘമാണെന്നും നിരവധി യുവതികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇവർക്ക് സ്വർണക്കടത്തുണ്ടെന്നും യുവതി വെളിപ്പെടുത്തി. കേസിൽ പിടിയിലായ മോഡലിൻ്റെ കാമുകിയാണ് അഞ്ജന. വിവാഹിതയായ ഇവരാണ് സംഘത്തിന് സ്ത്രീകളെ എത്തിച്ചിരുന്നത്. സംബന്ധിച്ച് അന്വേഷണ സംഘത്തിനും വിവരം ലഭിച്ചിട്ടുണ്ട്. യുവതിയെ മൊഴി നൽകുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിട്ടുണ്ട്.

അതേ സമയം ബ്ലാക്മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് സ്വർണ കടത്തിന് നിർബന്ധിച്ചതെന്നു യുവതികൾ ആരോപിച്ചിരുന്നു. പ്രതികൾ സ്വർണ മാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. മോഡലിംഗിനായി പാലക്കാട്ടേയ്ക്ക് വിളിച്ച് വരുത്തി സ്വർണ്ണക്കടത്തിനായി പ്രേരിപ്പിച്ചെന്നും എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

മോഡലിംഗ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്‍റെ പരാതിയിൽ പറയുന്നത്. സ്വർണ്ണക്കടത്തിന് ആഡംബര വാഹനത്തിൽ അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്‍റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.

മാർച്ച് 4 ന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്.