തിരുവനന്തപുരം: സംസ്ഥാനത്ത് തിരികെ എത്തിയ പ്രവാസികളിൽ ഏറ്റവും കൂടുതൽ കൊറോണ ബാധ കണ്ടെത്തിയത് തജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ. തിജികിസ്ഥാനിൽ നിന്ന് എത്തിയവരിൽ 18.18 ശതമാനം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. റഷ്യയിൽ നിന്ന് എത്തിയവരിൽ 9.72 ശതമാനം, നൈജീരിയയിൽ നിന്ന് എത്തിയവരിൽ 6.51 ശതമാനം, കുവൈറ്റിൽ നിന്ന് എത്തിവരിൽ 5.99 ശതമാനം, യുഎഇയിൽ നിന്ന് എത്തിയവരിൽ 1.06 ശതമാനം, ഖത്തറിൽ നിന്ന് എത്തിയവരിൽ 1.56 ശതമാനം, ഒമാനിൽ നിന്ന് എത്തിയവരിൽ .78 ശതമാനം എന്നിങ്ങനെയാണ് കണക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശത്തു നിന്ന് എത്തുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ ആന്റി ബോഡി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗ ലക്ഷണം ഉണ്ടായ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് പരിശോധിക്കുന്നത്. ആന്റി ബോഡികൾ കണ്ടെത്തിയാൽ പിസിആർ ടെസ്റ്റ് കൂടി നടത്തും.
ആന്റി ബോഡി പരിശോധന നെഗറ്റീവാകുന്നവർക്ക് രോഗമില്ലെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗ ലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് പരിശോധന നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ആന്റി ബോഡി പരിശോധന നെഗറ്റീവാകുന്നവർ തെറ്റായ സുരക്ഷാബോധത്തിൽ കഴിയരുത്. പിന്നീട് കൊറോണ ഉണ്ടായിക്കൂടെന്നില്ലാത്തതിനാൽ അവരും കർശനമായ സമ്പർക്കവിലക്കിൽ കഴിയണം.