പിണറായി നടപ്പാക്കുന്നത് ഏകപക്ഷീയ ഭരണകൂട ഭീകരത: കെ എം ഷാജി എംഎല്‍എ

കോഴിക്കോട് : കൊറോണ മറവില്‍ ഏകപക്ഷീയമായ ഭരണകൂട ഭീകരതയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്ന് കെ എം ഷാജി എംഎല്‍എ. ‘കോവിഡാണ്, മിണ്ടരുത്’ എന്ന ഭയപ്പെടുത്തലൊന്നും ഇങ്ങോട്ടുവേണ്ട. മാസ്‌ക് മുറുക്കിക്കെട്ടി തങ്ങളുടെ വായടപ്പിക്കാമെന്നു പിണറായി കരുതരുത്. ‘വാക്കുകള്‍ക്ക് മറുവാക്കില്ലാത്ത’ ചൈനയല്ല ഇന്ത്യയെന്ന് അതിര്‍ത്തിയില്‍നിന്ന് കമ്യൂണിസ്റ്റുകള്‍ മനസിലാക്കിയില്ലെങ്കിലും കേരളത്തില്‍നിന്ന് മനസിലാക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രി യുഎന്‍ വെബ് സെമിനാറില്‍ പോയിരുന്നതിനെ എന്തോ വലിയ അവാര്‍ഡ് കിട്ടിയതുപോലെയാണ് പറയുന്നത്. കൊറോണയെ തോല്‍പ്പിച്ച ന്യൂസിലാന്‍ഡിന്റെയോ സ്വീഡന്റെയോ ഓസ്‌ട്രേലിയയുടെയോ പ്രതിനിധി ആ സെമിനാറില്‍ പങ്കെടുത്തോ എന്ന് ‘ടീച്ചര്‍’ പറയണം. ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്‌സെമിനാറില്‍ പങ്കെടുക്കാന്‍ ‘ടീച്ചര്‍’ ക്ഷണിക്കപ്പെട്ടത് എന്നു ചോദിക്കുന്നത് രാഷ്ട്രീയവിരുദ്ധതയായി കാണരുത്.

‘ടീച്ചറെ’ന്നു വിളിച്ചത് സ്ത്രീവിരുദ്ധമാണെന്നു ആരോപിക്കരുത്. ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കില്‍ പിന്നെ അറിയാത്ത കാര്യം പറയാന്‍ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി ചോദിച്ചു. കോവിഡിന്റെ കാലത്ത് ഇനിയും ഷുക്കൂര്‍മാരെ ഉണ്ടാക്കുമെന്നൊക്കെ ഡിവൈഎഫ്‌ഐക്കാര്‍ക്ക് വിളിച്ചു പറയാം. കുഞ്ഞനന്തനു കൊടുത്ത മരണാനന്തര ബഹുമതിയാണ് മലപ്പുറത്തു ഡിവൈഎഫ്‌ഐക്കാരുടെ ആ മുദ്രാവാക്യം. ഇതൊക്കെ പറയുമ്പോള്‍ പിണറായി പറയുന്നത് രാഷ്ട്രീയം പറയരുതെന്നാണ്. എന്നാല്‍ ഇടതുപക്ഷം മുല്ലപ്പള്ളിക്കെതിരെ കുരച്ചുചാടുന്നത് രാഷ്ട്രീയമല്ലേ എന്നും കെ എം ഷാജി ചോദിച്ചു.