ന്യൂഡെല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ഉന്നത തല സ്ഥാപനത്തിന് രൂപം നല്‍കിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ്, പ്രോമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. ബഹിരാകാശ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്ഥാപനത്തിന് രൂപം നല്‍കിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ബഹിരാകാശ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ വരെ ഇടപെടാന്‍ പുതിയ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇരുവരും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. ബഹിരാകാശ രംഗത്ത് ഇത് ഒരു പുതിയ കാല്‍വെയ്പാണെന്നും മന്ത്രി പറഞ്ഞു.
ബഹിരാകാശരംഗത്ത് ഐഎസ്ആര്‍ഒയുടെ കീഴില്‍ നിര്‍വഹിച്ചുവരുന്ന ദൗത്യങ്ങള്‍ തുടര്‍ന്നും മുന്നോട്ടുപോകും. ഇതിലെല്ലാം അന്തിമ തീരുമാനം എടുക്കാനുളള അധികാരം ഐഎസ്ആര്‍ഒയില്‍ തന്നെ നിഷിപ്തമാണ്. അതായത് ബഹിരാകാശ രംഗത്തെ നിര്‍ണായ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ തുടര്‍ന്നും നിര്‍വഹിക്കും. എന്നാല്‍ ബഹിരാകാശ രംഗത്ത് നിലനില്‍ക്കുന്ന വിടവുകള്‍ നികത്താനുളള ദൗത്യമാണ് പുതിയ സ്ഥാപനം നിര്‍വഹിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.