തിരുവനന്തപുരം: സർവകലാശാലകളുടെ അക്കാദമിക് സമിതികളിൽ ചർച്ച ചെയ്യാതെ അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സുകളുടെ ഘടനയിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കം അംഗീകരിക്കരുതെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജർഖാനും ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾ ചാൻസലറുടെ അംഗീകാരത്തോടെ ഈ അക്കാദമിക് വർഷം തന്നെ നടപ്പാക്കുമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്.
അക്കാദമിക് വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ഒഴിവാക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തെ അവഗണിച്ചു കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻകൈയ്യെടുത്ത് കോഴ്സുകളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ പരിഷ്കാരങ്ങൾ ധൃതിവച്ചുനടപ്പാക്കാൻ ശ്രമിക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും. സർവകലാശാലകളുടെ അക്കാദമിക് സമിതികളിൽ വിശദമായി ചർച്ചചെയ്ത ശേഷം മാത്രമേ വിദഗ്ധ സമിതി റിപ്പോർട്ടിൽ അന്തിമ തീരുമാനം കൈക്കൊള്ളാവൂവെന്നും ഗവർണർ റിപ്പോർട്ട് അംഗീകരിക്കരുതെന്നും ആർ എസ് ശശികുമാറും എം ഷാജർഖാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.