പിഞ്ചു കുഞ്ഞിൻ്റെ വായിൽ തുണി തിരുകി അച്ചൻ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞിന്റെ അമ്മ

കൊച്ചി: പലപ്പോഴും വായില്‍ തുണി തിരുകി കയറ്റിയാണ് മര്‍ദിച്ചുകൊണ്ടിരുന്നതെന്ന് കുഞ്ഞിന്റെ അമ്മ. അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിനേറ്റത് ക്രൂര പീഡനമെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍. കോലഞ്ചേരി മെഡിക്കല്‍ കോളജിലാണ് കുഞ്ഞും അമ്മയും ഇപ്പോഴുള്ളത്. പലപ്പോഴും ഭര്‍ത്താവായ ഷൈജു തോമസ് തന്നെയും കുഞ്ഞിനെയും മര്‍ദിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു.

നേരത്തെ മുതല്‍ തന്നെ മര്‍ദിക്കുമായിരുന്നു, 54 ദിവസം പ്രായമുള്ള കുഞ്ഞ് കരയുമ്പോള്‍ തന്നെ അടിക്കും, പെണ്‍കുട്ടിയായതിനാല്‍ അനുസരണയില്‍ വളര്‍ത്തണമെന്ന് പറഞ്ഞായിരുന്നു തല്ലിയത്, കരയുമ്പോള്‍ മുഖത്ത് തുണിയിടും, തുടര്‍ന്നും അടിക്കും, കുട്ടിയെ പലതവണ അടിച്ചപ്പോള്‍ അതിന് സുഖമില്ലാതായി. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും അമ്മ പറയുന്നു.

പാൽ കൊടുത്തുകൊണ്ടിരുന്നപ്പോഴും അടിച്ചിരുന്നു. പെണ്‍കുഞ്ഞായതിനാല്‍ ഇയാളിനിയും മര്‍ദിക്കുമെന്ന ഭയമുണ്ട്, അതിനാല്‍ നേപ്പാള്‍ സ്വദേശിനിയായ ഈ അമ്മ കുഞ്ഞിന് ഭേദമായാല്‍ നേപ്പാളിലേക്ക് തന്നെ തിരിച്ചുപോകാനാണ് ഉദ്ദേശിക്കുന്നത്. മലയാളിയായ ഷൈജു തോമസ് നേപ്പാളില്‍ വെച്ചാണ് ഇവരെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തുടര്‍ന്ന് അങ്കമാലിയിലായിരുന്നു താമസിച്ചിരുന്നത്.

ഇതിനിടെയാണ് മര്‍ദിച്ച ശേഷം ഇയാള്‍ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. അന്ന് അബോധാവസ്ഥയിലായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് കണ്ണുകള്‍ തുറന്നതും ശരീരം ചലിപ്പിച്ചതും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ തനിയെ കുടിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ഒരാഴ്ച കൂടി കുഞ്ഞ് നിരീക്ഷണത്തിലായിരിക്കും.