ന്യൂഡെല്‍ഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ രഥയാത്ര കര്‍ശന നിയന്ത്രണങ്ങളോടെ ആരംഭിച്ചു. പുരി രഥയാത്ര നിര്‍ത്തി വച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി റദ്ദാക്കിയത്.
നിയന്ത്രണങ്ങളോടെ രഥയാത്ര നടത്താമെന്ന് ഇന്നലെ സുപ്രീം കോടതി അനുമതി നല്‍കി. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ ആണ് രഥയാത്ര നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് പുരി രഥയാത്രയില്‍ പങ്കെടുക്കാറ്. ഇതേ സമയം ഇവിടെ 41 മണിക്കൂര്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 500 പേര്‍ക്കാണ് ഈ വര്‍ഷം രഥം വലിക്കാനുള്ള അനുമതി. എന്നാല്‍ പുരി രഥയാത്ര മാത്രം നടത്തിയാല്‍ മതിയെന്നും അനുബന്ധ ചെറു രഥ യാത്രകള്‍ നടത്തരുതെന്നും കോടതി നിര്‍ദേശമുണ്ട്.
സുപ്രീം കോടതി നിര്‍ദേശപ്രകാരം 1443 ക്ഷേത്രം ജീവനക്കരെയാണ് കൊറോണ പരിശോധനക്കു വിധേയരാക്കിയത്. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സമ്പര്‍ക്ക വിവരങ്ങള്‍ അന്വേഷിച്ചു വരുകയാണ്.
ഇതേ സമയം രഥയാത്രയോടനുബന്ധിച്ച് രഥയാത്രക്കും സംസ്ഥാനത്തെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസ അറിയിച്ചു.