ന്യൂഡെൽഹി: കോൺഗ്രസിനെതിരെ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂര്‍ രംഗത്ത്. കാഴ്ച നഷ്ടമായതുള്‍പ്പെടെയുള്ള തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ഭരണത്തിലേറ്റ പീഡനങ്ങളാണെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍ പറയുന്നു.
” ഒന്‍പതു വര്‍ഷമായുള്ള കോണ്‍ഗ്രസിന്റെ പീഡനത്തെ തുടര്‍ന്ന് എനിക്ക് നിരവധി പരിക്കുകളുണ്ടായി. അന്നത്തെ പീഡനങ്ങള്‍ തന്നെ ഇപ്പോഴും അലട്ടുകയാണ്. എന്റെ കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളത്’ പ്രജ്ഞാസിങ് പറഞ്ഞു. 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞാസിങ് ജയിലില്‍ കിടന്നിരുന്നു. ഇക്കാര്യമാണ് പ്രജ്ഞ പറയുന്നത്.
അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രജ്ഞാ സിങ്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാഞ്ഞതെന്നും പ്രജ്ഞ വ്യക്തമാക്കി.
കൊറോണ മഹാമാരിയും പിന്നാലെ പ്രഖ്യാപിച്ച ലോക്ഡൗണും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രജ്ഞാസിങിനെ കാണാനില്ലെന്ന് മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതെന്ന് മറുപടി പറഞ്ഞത്.