ഇന്ത്യയിൽ കൊറോണ വ്യാപനം അതിരൂക്ഷം; ഒമ്പതു സംസ്ഥാനങ്ങളിൽ പതിനായിരത്തിലേറെ രോഗികൾ

ന്യൂഡെല്‍ഹി : ഇന്ത്യയിൽ കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 14,516 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം നാലു ലക്ഷത്തിനോട് അടുത്തു. ഇതുവരെ ഇന്ത്യയില്‍ കൊറോണ ബാധിച്ചത് 3,95,048 പേര്‍ക്കാണ്. ഒമ്പതു സംസ്ഥാനങ്ങളിൽ പതിനായിരത്തിലേറെ രോഗികളായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 375 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 12,948 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 2,13,831 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. കൊറോണ ബാധ രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം നാലു ജില്ലകള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.