പാകിസ്ഥാന്റെ ചാര ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു

ന്യൂഡെല്‍ഹി : പാകിസ്ഥാന്റെ ചാര പ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുകശ്മീരിലെ കത്വയില്‍ പുലര്‍ച്ചെ 5.10 ഓടെയാണ് സംഭവം. ഹിരാനഗർ സെക്ടറിലെ റാത്തുവ പ്രദേശത്ത് ഡ്രോൺ പറക്കുന്നതായി ബി‌എസ്‌എഫിന്റെ പട്രോളിംഗ് പാർട്ടി കണ്ടെത്തി. കത്വയിലെ പനേസറില്‍ പാക് ഡ്രോണ്‍ കണ്ടയുടന്‍ ബിഎസ്എഫ് സൈനികര്‍ വെടിവെച്ചിടുകയായിരുന്നു.

ഡ്രോണില്‍ നിന്നും എം -4 യുഎസ് നിർമിത സെമി ഓട്ടോമാറ്റിക് റൈഫിൾ, 60 റൗണ്ടുകൾ, രണ്ട് മാസികകൾ, ഏഴ് എം 67 ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തതായും ഇൻസ്പെക്ടർ ജനറൽ ജമ്മു ഫ്രോണ്ടിയർ എൻ‌എസ് ജാംവാൾ പറഞ്ഞു.

പാക് ചാരവിമാനത്തിന് നേര്‍ക്ക് ബിഎസ്എഫ് ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്താണ് ഡ്രോണ്‍ പതിച്ചത്. സൈന്യം അന്വേഷണം ആരംഭിച്ചു.

ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്നതിനും ഇന്ത്യൻ സേനാ വിന്യസത്തിലെ വിടവുകൾ കണ്ടെത്തുന്നതിനുമാണ് പാകിസ്ഥാൻ സൈന്യം ഇത്തരം ഡ്രോണുകൾ ഉപയോഗിക്കുന്നത്.