കോഴിക്കോട്: ഇത്തിക്കരപ്പക്കിയും വെള്ളായണി പരമുവും പോലെയാണ് പിണറായി വിജയനും നരേന്ദ്രമോദിയുമെന്ന് കെ മുരളീധരന് എംപി. മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ചാണ് മുരളീധരൻ്റെ കമൻ്റ്. കോണ്‍ഗ്രസ് നേതാവ് പ്രവാസികളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കോഴിക്കോട് കളക്ടറേറേറ്റിന് മുന്നില്‍ നടന്ന സമരത്തിലായിരുന്നു മുരളീധരന്റെ പരിഹാസം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലാകേന്ദ്രങ്ങളില്‍ യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തിയത്. രോഗികള്‍ക്ക് മാത്രമായി വിമാനം ഏര്‍പ്പെടുത്താമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. പ്രവാസികളുടെ പ്രശ്നത്തില്‍ തീരുമാനമായില്ലങ്കില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്നും കെ മുരളിധരന് എം പി അറിയിച്ചു.
കെഎംസിസിയും ഇന്‍കാസുമാണ് പ്രവാസികളെ കൊണ്ടുവരാന്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത്. പ്രവാസികളെ കൊണ്ടു വരുന്നതിന്റെ ക്രെഡിറ്റ് യുഡിഎഫിന് കിട്ടുമെന്ന് കരുതിയാണ് സര്‍ക്കാര്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.