തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയാണ് മുല്ലപ്പള്ളി പരിഹസിച്ചത്. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്.
പ്രവാസികളോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുലപ്പള്ളി.
കേരളം ഇന്നു കാണുന്ന വികസനത്തിനും ഐശ്വര്യത്തിനും പിന്നില്‍ വിദേശനാടുകളില്‍ കഴിയുന്ന മലയാളി സഹോദരങ്ങളുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ആകെത്തുകയുണ്ട്. ആ പ്രവാസികള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. എന്നാല്‍ അവരെ സഹായിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടതായി മുല്ലപ്പള്ളി പറഞ്ഞു.
കൊറോണ വ്യാപനം രൂക്ഷമായപ്പോള്‍ മറ്റുസ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ ഒരു ട്രെയിന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ടാണ് ട്രെയിന്‍ ഏര്‍പ്പാടാക്കിയത്. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ 19 ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ പ്രവാസികളെ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കൊറോണ ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാനസര്‍ക്കാര്‍ അതു തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി കള്ളം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൊറോണ രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് പറഞ്ഞ എല്ലാ പ്രോട്ടോക്കോളും നമ്മള്‍ അനുസരിച്ചു. കൊറോണയുടെ മറവില്‍ സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുകയാണ്. വന്‍ അഴിമതിയാണ് നടക്കുന്നത്. പ്രവാസികളെ വഞ്ചിച്ചതിനെതിരെ സമരത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടാന്‍ സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചില്ല. അമേരിക്കയില്‍ വൈറ്റ്ഹൗസിന് മുന്നില്‍പ്പോലും കുടില്‍കെട്ടി സമരം താന്‍ കണ്ടിട്ടുണ്ട്. സമരം പാടില്ലെന്ന് പറയാന്‍ ഇത് ചൈനയല്ലെന്ന് പിണറായി ഓര്‍ക്കണം. ഇത് ജനാധിപത്യരാജ്യമാണ്, സമരം നടത്താന്‍ പിണറായി വിജയന്റെ ഔദാര്യം വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.