കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ മൂന്നു ഡിവിഷനുകൾ വ്യാഴാഴ്ച മുതൽ പൂർണമായി അടച്ചിടാൻ കലക്ടർ ഉത്തരവിട്ടു.
പതിനാലുകാരന് സമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചതോടെയാണ് കണ്ണൂർ നഗരം അനിശ്ചിത കാലത്തേക്ക് പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചത്. കണ്ണൂർ കോർപ്പറേഷന് കീഴിലെ മുഴുവൻ വാർഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.
പതിനാലുകാരന്‍റെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക വർധിപ്പിക്കുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കൊറോണ സ്ഥിരീകരിച്ച കെസ്ആർടിസി ഡ്രൈവർ എത്തിയ കണ്ണൂർ ഡിപ്പോയിലെ 40 ജീവനക്കാർ നിലവിൽ ക്വാറന്‍റീനിലാണ്.
കോർപറേഷനിലെ 51,52,53 ഡിവിഷനുകളാണ് അടച്ചിടുന്നത്. പയ്യാമ്പലം, കാനത്തൂർ, താളിക്കാവ് പ്രദേശങ്ങളാണിത്. നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാഴാഴ്ച കോർപറേഷൻ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശങ്ങൾ നൽകിയ ശേഷം ഉച്ചയ്ക്ക് 2 മുതലായിരിക്കും നിയന്ത്രണം നിലവിൽ വരിക. ഉറവിടം അറിയാതെ കോർപറേഷൻ പരിധിയിൽ 14 വയസ്സുകാരന് കൊറോണ സ്ഥിരീകരിച്ചതുമാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കാരണം. കണ്ണൂരിൽ ബുധനാഴ്ച നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ രോഗമുക്തനായി.