മോസ്കോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ തോൽപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനായി അണുനശീകരണ തുരങ്കം നിർമ്മിച്ചാണ് പുടിൻ ട്രംപിനെ പരാജയപ്പെടുത്തിയത്. പെൻസ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ കമ്പനിയാണ് ഈ ടണൽ നിർമിച്ചിരിക്കുന്നത്. റഷ്യയിലെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്‌കോയിലെ പുടിന്റെ വസതിയിലേക്ക് കടക്കുന്ന ആളുകൾ അണുനശീകരണ തുരങ്കം കടന്നാലേ പുടിനെ സന്ദർശിക്കാനാകൂ. ഇത് അദ്ദേഹത്തിന്റെ നോവോ- ഒഗർയോവോ റെസിഡൻസിന് മുന്നിൽ സ്ഥാപിച്ചതായി ആർഐഎ എന്ന വാർത്താ ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ആർഐഎ ടണലിന്റെ പ്രവർത്തന രീതിയുടെ ദൃശ്യങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ച ആളുകൾ ടണലിനുള്ളിലേക്ക് പ്രവേശിക്കുമ്പോൾ ടണലിന്റെ സീലിംഗിൽ നിന്ന് അണുനശീകരണ ലായനി സ്‌പ്രേ ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ അണുനാശിനി ആളുകളുടെ ശരീരത്തിലും വസ്ത്രത്തിലും സ്‌പ്രേ ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. അമേരിക്കക്കും ബ്രസീലിനും ശേഷം കൊറോണ കേസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റഷ്യ. 5 ലക്ഷത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.