ഗാർഹിക ഉപഭോക്താക്കളുടെ ദ്വൈമാസ ബില്ലിങ്ങ് രീതി മാറ്റാനാവില്ല; കെഎസ്ഇബി ഹൈക്കോടതിയിൽ

കൊച്ചി : ​ഗാർഹിക ഉപഭോക്താക്കളുടെ ദ്വൈമാസ ബില്ലിങ്ങ് രീതി മാറ്റാനാവില്ലെന്ന് കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ 30 വര്‍ഷമായി തുടരുന്നതാണ് ദ്വൈമാസ ബില്ലിങ്ങ് രീതി. ഇതിന് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരവുമുണ്ട്. ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും കെ എസ് ഇ ബി ഹൈക്കോടതിയെ അറിയിച്ചു.

ഉപയോഗിച്ച വൈദ്യുതിക്കാണ് ബില്ല് നല്‍കിയത്. ലോക്ക്ഡൗണ്‍ മൂലം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബില്ല് നല്‍കിയത്. ബില്ലിന്റെ 70 ശതമാനം അടച്ചാല്‍ മതി. ബാക്കി തുക അടുത്ത തവണ ക്രമീകരിക്കുമെന്നും കെഎസ്ഇബി കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരുടെ വാദം അടിസ്ഥാന രഹിതമാണെന്നും കെ എസ് ഇ ബി കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരുടെ വൈദ്യുത ഉപഭോഗ വിവരങ്ങളും കെഎസ്ഇബി ഹൈക്കോടതിയില്‍ ഹാജരാക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്ലിങ് പ്രായോഗികമല്ല. പ്രതിമാസ ബില്ലിങ്ങ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി വരും. ഇത് ബോര്‍ഡിന്റെ ചെലവ് കൂടാന്‍ കാരണമാകും. ഉപഭോക്താക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാകുമെന്നും കെ എസ് ഇബി കോടതിയെ അറിയിച്ചു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് വൈദ്യുതി ചാര്‍ജ്ജ് അമിതമായി വര്‍ദ്ധിച്ചെന്നും, നിലവിലെ ദൈ്വമാസ ബില്ലിങ്ങിന് പകരം മാസാടിസ്ഥാനത്തില്‍ ബില്ല് തയ്യാറാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി വിനയകുമാര്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി കെഎസ്ഇബിയോട് വിശദീകരണം തേടിയിരുന്നു.