സിപിഎം മുൻ എംപി ട്രെയിന്‍ ടിക്കറ്റിൽ ഒന്നരലക്ഷം കീശയിലാക്കി; ബുക്ക് ചെയ്തത് 63 ടിക്കറ്റ്; ഉപയോഗിച്ചത് 7

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ മുന്‍രാജ്യസഭാംഗം ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഒന്നരലക്ഷത്തോളം രൂപ അടിച്ചുമാറ്റിയെന്ന് റിപ്പോര്‍ട്ട്. ബംഗാളില്‍നിന്നുള്ള സിപിഎമ്മിന്റെ മുന്‍രാജ്യസഭാംഗമാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇത്രയധികം രൂപയുടെ വീഴ്ച വരുത്തിയത്. എംപിമാരും മുന്‍ എംപിമാരും ഇത്തരത്തില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഉപയോഗിക്കാതെ റീഇമ്പേഴ്‌സ്‌മെന്റ് നടത്തുന്നതായി രാജ്യസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചു വിശദമായി പഠിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടു.

ആരോപണ വിധേയനായ എംപി 2019 ജനുവരിയില്‍ 63 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തെങ്കിലും അതില്‍ ഏഴെണ്ണം മാത്രമാണു യാത്രയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍ 63 ടിക്കറ്റുകളുടെയും പണം എഴുതിയെടുത്തിട്ടുണ്ട്. 63 ടിക്കറ്റുകള്‍ക്കായി ആകെ 1,69,005 രൂപയാണ് വേണ്ടിവന്നത്. ഇതില്‍ 22,085 രൂപയുടെ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ബാക്കി 1,46,920 രൂപയും എഴുതിയെടുത്തു. ചില എംപിമാര്‍ ബുക്ക് ചെയ്തതിന്റെ 15 ശതമാനം ടിക്കറ്റുകള്‍ മാത്രമേ ഉപയോഗിക്കാറുള്ളു.

എന്നാല്‍ മുഴുവന്‍ ടിക്കറ്റുകളും റീഇമ്പേഴ്‌സ് ചെയ്യും. 2019-ല്‍ എംപിമാരുടെയും മുന്‍ എംപിമാരുടെയും ടിക്കറ്റ് ചെലവായി റെയില്‍വേ 7.8 കോടി രൂപയാണ് രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടത്. അതേസമയം ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ തുക അവരില്‍നിന്നു തന്നെ ഈടാക്കും. രാജ്യസഭാംഗങ്ങളെയും ലോക്‌സഭാംഗങ്ങളെയും വേര്‍തിരിച്ചറിയാന്‍ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ റെയില്‍വേയും നടപടി ആരംഭിച്ചു.