ന്യൂഡെൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി പതഞ്ജലി. പതഞ്ജലിയുടെ സഹസ്ഥാപകനും സിഇഒയുമായ ആചാര്യ ബാൽകൃഷ്ണയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മരുന്ന് നൂറുകണക്കിന് കൊറോണ രോഗികളിൽ പരീക്ഷിച്ചെന്നും 100 ശതമാനം അനുകൂല ഫലം ലഭിച്ചെന്നും ബാൽകൃഷ്ണ അറിയിച്ചു. ആയുർവേദത്തിലൂടെ കൊറോണ ചികിത്സ സാധ്യമാണെന്ന് ഞങ്ങൾക്ക് പറയാൻ കഴിയും.
കമ്പനി ഇപ്പോൾ മരുന്ന് പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും തെളിവുകൾ ഒരാഴ്ചക്കുള്ളിൽ പുറത്തുവിടുമെന്നും പതഞ്ജലി സിഇഒ പറയുന്നു.
വൈറസ് വ്യാപനം വന്നതിനു ശേഷം ഞങ്ങൾ ഇതിനെക്കുറിച്ച് പഠിക്കാൻ ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചു. വൈറസ് ശരീരത്തിൽ വ്യാപിക്കുന്നത് തടയാൻ കഴിയുന്ന സംയുക്തങ്ങൾ കണ്ടെത്തി. തുടർന്ന് നൂറുകണക്കിന് കൊറോണ രോഗികളിൽ കേസ് സ്റ്റഡി നടത്തിയപ്പോൾ 100 ശതമാനം അനുകൂല ഫലം ലഭിച്ചുവെന്ന് ബാൽകൃഷ്ണ അവകാശപ്പെട്ടു.
ബാബാ രാംദേവും ബാൽകൃഷ്ണയും ചേർന്ന് 2006ലാണ് പതഞ്ജലി സ്ഥാപിച്ചത്. പതഞ്ജലിയുടെ കൊറോണ പ്രതിരോധമരുന്ന് കൊറോണിൽ എന്നപേരിലാണ് പുറത്തിറങ്ങുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.