കൊറോണ രോഗിയുമായി സമ്പർക്കം; കൗൺസിലറെ നിരീക്ഷണത്തിൽ വിട്ടില്ല; ത്യശൂരിൽ പ്രതിഷേധം

ത്യശൂർ: കൊറോണ പോസിറ്റീവ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട കൗൺസിലറെയും ആരോഗ്യ പ്രവർത്തകനെയും നിരീക്ഷണത്തിൽ പോകാത്തതിനെ ചൊല്ലി കോർപറേഷനിൽ വിവാദം.

ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസിക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കോർപറേഷനിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായത്.

കോർപറേഷനിലെ ഭരണകക്ഷി കൗൺസിലറും ആരോഗ്യ പ്രവർത്തകനും ഉദ്യോഗസ്ഥനും ചേർന്ന് പ്രവാസിയെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് ശേഷം നാലു ദിവസം കഴിഞ്ഞാണ് പ്രവാസിക്ക് കൊറോണ സ്ഥിരീകരിച്ചത്.
ഇക്കാര്യം കൗൺസിലറെ വിളിച്ച് അറിയിച്ചതു കോർപ്പറേഷൻ ഭരണം നിയന്തിക്കുന്ന ഒരു സിപിഎം കൗൺസിലറാണ്. കൗൺസിലർ മേയറേയും ഇക്കാര്യം അറിയിച്ചു.

കൊറോണ രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട കൗൺസിലർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും മേയറുടെ ചേംമ്പറിൽ നടന്ന യോഗത്തിലും കൗൺസിൽ ഹാളിൽ നടന്ന നികുതി അപ്പീൽ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിലും പങ്കെടുത്തതോടെ കൗൺസിലർമാർ അങ്കലാപ്പിലായി. മേയറും കൗൺസിലർമാരുമടക്കം നിരവധി പേരുമായി ഇവർ സ സമ്പർക്കത്തിലായെന്നാണ് സൂചന. എന്നിട്ടും ക്വാറന്റയിനിൽ പോകാൻ നിർദ്ദേശമുണ്ടായില്ല. ഇതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

ഇക്കാര്യത്തിൽ ആരോഗ്യ പ്രവർത്തക കൂടിയായിരുന്ന മേയറും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഗുരുതരമായ കൃത്യവിലോപം നടത്തിയതായി പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലനും, ക്ഷേമകാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയലും ആരോപിച്ചു.

നഗരത്തിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കും വിധം നിരുത്തരവാദപരമായി പെരുമാറുകയും കൃത്യ വിലോപം നടത്തുകയും ചെയ്തതു സംബന്ധിച്ച് സർക്കാരും ജില്ലകലക്ടറും അന്വേഷണം നടത്തണം. കൗൺസിലറും ആരോഗ്യപ്രവർത്തകനും ക്വാറന്റയിനിൽ പോകേണ്ടതില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ഇത് സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും അക്കാര്യം ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് രാജൻ പല്ലനും ജോൺ ഡാനിയലും കുറ്റപ്പെടുത്തി.

കൊറോണ രോഗിയുമായി ഒരു വിധ സമ്പർക്കവും ഇല്ലാതിരുന്നിട്ടുപോലും വാളയാറിൽ ടി.എൻ.പ്രതാപൻ എം.പി.യേയും, അനിൽ അക്കര എം.എൽ.എ.യേയും രാഷ്ട്രീയ ക്വാറൻ്റിന് അയച്ച സർക്കാരും സിപിഎമ്മും കോർപറേഷനിൽ നടന്ന പ്രകടവും മനപൂർവ്വവുമായ വീഴ്ചക്ക് മറുപടി പറയണമെന്ന് രാജൻ പല്ലനും ജോൺ ഡാനിയലും ആവശ്യപ്പെട്ടു.