യുഡിഎഫുമായുള്ള കരാറുകളും ഉറപ്പുകളും ജോസ് കെ മാണി നിരന്തരം ലംഘിക്കുന്നു: ഉണ്ണിയാടൻ

തൃശൂർ: യുഡിഎഫുമായി ഉണ്ടാക്കിയ കരാറുകളും ഉറപ്പുകളും നിരന്തരമായി ലംഘിച്ച് ജോസ് കെ. മാണി വാസ്തവ വിരുദ്ധ പ്രസ്താവനകൾ നടത്തി യുഡിഎഫിനെയും ജനങ്ങളെയും കബളിപ്പിക്കുകയാണെന്ന് മുൻ സർക്കാർ ചീഫ് വിപ്പും കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗവുമായ തോമസ് ഉണ്ണിയാടൻ. ഈ സമീപനം ഒട്ടും ശരിയല്ല.

ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മാറ്റം എന്നിവയെ സംബന്ധിച്ച് ജോസ് നടത്തിയ പ്രസ്താവനകൾ വാസ്തവ വിരുദ്ധമാണ്. കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റിനെ സംബന്ധിച്ച് കെഎം മാണിയുടെ കാലത്തുണ്ടാക്കിയ ധാരണ ലംഘിച്ചാണ് കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥയെ എൽഡിഎഫ് സഹായത്തോടെ ജോസ് കെ മാണി പരാജയപ്പെടുത്തിയത്. ഇപ്പോൾ യുഡിഎഫ് ഉണ്ടാക്കിയ കരാർ ജോസ് ലംഘിച്ചിരിക്കയാണ്. കരാർ പ്രകാരം ഇവർ മാർച് 27 ന് പ്രസിഡന്റ് സ്ഥാനം രാജി വയ്‌ക്കേണ്ടതായിരുന്നു. രാജി വയ്‌ക്കേണ്ട കാലാവധി രണ്ടര മാസം കഴിഞ്ഞിട്ടും രാജി വയ്ക്കാതെ കളവു പ്രചരിപ്പിക്കുകയാണ്.

കരാർ പ്രകാരം ചങ്ങനാശേരിയിൽ പുതിയ ചെയർമാൻ തിരഞ്ഞെടുപ്പിനുവേണ്ടി ജോസ് വിഭാഗത്തിന്റെ ചെയർമാൻ 2019 ഓഗസ്റ്റ് 18 നു രാജിവയ്‌ക്കേണ്ടതായിരുന്നു. എന്നാൽ വലിയ സമ്മർദ്ദത്തെ തുടർന്ന് ഒമ്പതു മാസം കഴിഞ്ഞാണ് രാജിയുണ്ടായത്. ഇത്രയും നാൾ യുഡിഎഫ് ഐക്യത്തിന് വേണ്ടി കേരളാ കോൺഗ്രസിലെ ആറു കൗൺസിലർമാർ പിന്തുണ നൽകുകയായിരുന്നു. അതുകൊണ്ടു മാത്രമാണ് കേവലം ഒരു കൗൺസിലർ മാത്രമായിരുന്നിട്ടും ജോസ് കെ മാണി വിഭാഗത്തിന് ചെയർമാനായി തുടരാൻ കഴിഞ്ഞത്.

പാർട്ടി വിപ് നൽകിയത് കൊണ്ട് അയോഗ്യനാകുമെന്നത് കൊണ്ടാണ് ഈ വ്യക്തി കേരളാ കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്തത്. എന്നിട്ടും വളഞ്ഞ മാർഗത്തിലൂടെ പരാജയപ്പെടുത്താൻ ശ്രമിച്ചതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞതെന്നു ഉണ്ണിയാടൻ കുറ്റപ്പെടുത്തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം നിന്നും ജോസ് വിഭാഗം കഴിഞ്ഞ വർഷം നവംബർ 20 നു മാറേണ്ടതായിരുന്നു. കടുത്ത സമ്മർദ്ദത്തെ തുടർന്ന് ദുഷ്ടലാക്കോടെ ഏഴു മാസം കഴിഞ്ഞു മാത്രമാണ് രാജി വയ്ക്കുന്നതെന്നും ഉണ്ണിയാടൻ ആരോപിച്ചു.