അടിമാലിയിലെ ആദിവാസി പെണ്‍കുട്ടിയുടെ മരണം; മൊബൈല്‍ ഫോണിൽ ദുരൂഹതയെന്ന് കുടുംബം

തൊടുപുഴ: അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. പതിനേഴുകാരിക്ക് ആരോ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയതാണെന്നും ഇക്കാര്യത്തിൽ സംശയമുണ്ടെന്നും കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. ഇത് അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ആത്മഹത്യക്ക് ശ്രമിച്ച കൂട്ടുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മകള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ട് അമ്മ ശകാരിച്ചിരുന്നതായും പറയുന്നു.

പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ അടിമാലി കുളമാംകുഴിയില്‍ വീടിനു സമീപമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണിലൂടെ ബന്ധുക്കളെ വിളിച്ച് പെണ്‍കുട്ടികള്‍ കാര്യം പറയുകയും ചെയ്തു. പക്ഷേ എവിടെയാണെന്ന് ഇരുവരും പറഞ്ഞില്ല. ഇതോടെ മക്കളെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.

പന്ത്രണ്ടിന് തിരികെ എത്തിയ ഇവരെ വീട്ടുകാര്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രാവിലെ കൗണ്‍സിലിങിനായി അടിമാലിയില്‍ കൊണ്ടുപോകാനിരിക്കെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. വീടിന് സമീപം തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബന്ധുവായ 21 കാരി ഈ വിവരമറിഞ്ഞതോടെ വിഷം കഴിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.