കുവൈറ്റ്: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈറ്റിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു.
15 വർഷത്തിൽ കൂടുതൽ പ്രവാസികളെ താമസിക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് ഉന്നതാധികാര കമ്മിറ്റിയുടെ പ്രധാന ശുപാർശ. 60 വയസ്സിന് മുകളിലുള്ളവർക്ക് റെസിഡൻസി പെർമിറ്റ് പുതുക്കേണ്ടതില്ലെന്നത ടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി അന്തിമ റിപ്പോർട്ട് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

കുവൈറ്റിലെ പ്രവാസികളുടെ എണ്ണം തദ്ദേശീയർക്ക് ഭീഷണിയായിട്ടുണ്ടെന്ന് ഉന്നതാധികാരക്കമ്മിറ്റി വിലയിരുത്തുന്നു. പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും ഇതിൻ്റെ നടപടിക്രമങ്ങൾ തീരുമാനിക്കാൻ ഉന്നതാധികാര സമിതി യോഗം ചേർന്നതായും അറബ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ആരോഗ്യമേഖലയിൽ പ്രവാസി നഴ്സുമാരെയും വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരെയും കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ മേഖലകളിൽ ഇന്ത്യക്കാരടക്കം ധാരാളം പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. ഇത് പരിമിതപ്പെടുത്താനുള്ള വഴികളും സമിതി ചർച്ച ചെയ്തു.

കുവൈറ്റിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം 30 ശതമാനം മാത്രമാണ് തദ്ദേശീയർ. കുവൈറ്റികളുടെ ജനസംഖ്യ 14 ലക്ഷമാണെന്ന് രേഖകൾ പറയുന്നു. എന്നാൽ വിദേശ പൗരൻമാരുടെ എണ്ണം 33 ലക്ഷമാണ്. പ്രവാസി ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഭരണകൂടം വിലയിരുത്തുന്നു.
വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നത് നേരത്തേ ആലോചിച്ചിരുന്നെങ്കിലും കൊറോണയുടെ പശ്ചാതലത്തിലാണ് സർക്കാരിൻ്റെ പുതിയ നീക്കമെന്നാണ് സൂചന.
പ്രവാസികൾക്ക് പരമാവധി 15 വർഷം മാത്രമേ ഇനി രാജ്യത്ത് താമസിക്കാൻ അനുവദിക്കൂ എന്നത് ഏറെ വൈകാതെ നടപ്പാക്കും. ഇതിനായി റെസിഡൻസി നിയമത്തിൽ ഭേദഗതി വരുത്തുക, ഓരോ രാജ്യത്തിനും നിശ്ചിത കോട്ട സമ്പ്രദായം നടപ്പാക്കുക, പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്കായി ഈടാക്കുന്ന ഫീസ് വർദ്ധിപ്പിക്കുക എന്നിവയാണ് സമിതി പ്രധാനമായും പരിഗണിച്ചത്.

നിലവിലെ നിയമത്തിലെ പഴുതുകൾ അടച്ച് താമസ നിയമത്തിൽ ഭേദഗതികൾ വരുന്നതും ചർച്ചാ വിഷയമായി. സന്ദർശന വിസയെ റസിഡൻസ് പെർമിറ്റാക്കി മാറ്റാൻ ഇനി അനുവദിക്കേണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് താമസസ്ഥലം മാറ്റുന്നത് കർശനമായി തടയാനും തീരുമാനമായി. സമയബന്ധിതമായി 60 വയസ്സിന് മുകളിലുള്ളവർക്ക് റെസിഡൻസി പുതുക്കുന്നത് പൂർണമായി നിർത്തുന്നതും എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇതു സംബന്ധിച്ച് ഉന്നതാധികാര സമിതിയുടെ രണ്ടു സുപ്രധാന യോഗങ്ങൾ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആന്റ് ഡവലപ്മെൻറ് ജനറൽ സെക്രട്ടേറിയറ്റ്, സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുടെ സംയുക്തയോഗമാണ് നടന്നത്. ഇക്കാര്യങ്ങളിൽ വിശദമായ ചർച്ചകൾ നടന്നുവെന്നും ഓരോ വകുപ്പും പ്രവാസി നിയന്ത്രണത്തിൽ വ്യക്തമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചുവെന്നുമാണ് സൂചന.
പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ കൃത്യമായ ആക്ഷൻ പ്ലാനിന് രൂപം കൊടുക്കാനാണ് ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനം.