ന്യൂഡല്‍ഹി: കൊറോണ വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ തേടുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി ജൂണ്‍ 16,17 തീയതികളിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.
കേരളം ഉള്‍പ്പെടെ 21 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ജൂണ്‍ 16നാണ് കൂടിക്കാഴ്ച. കേരളത്തിന് പുറമേ പഞ്ചാബ്, അസം, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ത്രിപുര, ഹിമാചല്‍, ചണ്ഡീഗഡ്, ഗോവ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഈ ദിവസം നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.
ജൂണ്‍ 17 ന് മഹാരാഷ്ട്ര, ഗുജറാത്ത് ഉള്‍പ്പെടെ രോഗവ്യാപനം തീവ്രമായി തുടരുന്ന 15 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമം നടത്തും. ഡെല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പോലെ രാജ്യത്ത് ഏറ്റവുമധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു മുന്‍നിര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ലോക്ക്ഡൗണ്‍ ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.
കൊറോണ വ്യാപനം ആരംഭിച്ചത് മുതല്‍ ഇതിനോടകം നിരവധി തവണ മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും നീട്ടിയതും അടക്കം നിരവധി പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാനാണ് മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.