തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തർക്ക് ദര്‍ശനം അനുവദിക്കില്ല. തൃശൂരില്‍ കൊറോണ രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
നാളെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ല എന്ന ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ചതിന് അനുസരിച്ച് നാളെ നടക്കുന്ന രണ്ടുവിവാഹങ്ങള്ക്ക് തടസമില്ലെന്നും കടകംപളളി സുരേന്ദ്രന് പറഞ്ഞു.
ഗുരുവായൂരിലും പരിസരത്തും കോവിഡ് ഭീതി ഉയരുകയാണ്. ഗുരുവായൂരിന് സമീപമുളള ചാവക്കാട് കണ്ടെയ്ന്മെന്റ് സോണാണ്. ഗുരുവായൂരിനോട്് ചേര്‍ന്നുളള ഒരു ഗ്രാമപഞ്ചായത്തും തീവ്ര ബാധിത പ്രദേശമാണ്. തൃശൂരില്‍ ഒന്നടങ്കം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് നിലനിന്നിരുന്ന പോലെ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.