കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ. മകൻ റോമോയെ ജോളി 3 തവണ വിളിച്ചുവെന്നും സംഭാഷണം 20 മിനിട്ടിലധികം നീണ്ടുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ സാക്ഷിയായ റോമോയെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു ജോളിയെന്ന് നോർത്ത് സോൺ ഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
കോഴിക്കോട് ജില്ലാ ജയിലിൽ വച്ച് ജോളി നിരന്തരം ഫോൺ ഉപയോഗിച്ചുവെന്നാണ് എട്ടാം തീയതി നോർത്ത് സോൺ ഐജി ജയിൽ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇരുപത് മിനിട്ട് നീണ്ട സംഭാഷണത്തിൽ കേസിലെ നിർണ്ണായക സാക്ഷിയായ റെമോയെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും, സംഭാഷണത്തിന്‍റെ ഓഡിയോ റെമോ കേൾപ്പിച്ചു നൽകിയെന്നും ഐജിയുടെ റിപ്പോർട്ടിൽ പറയുന്നു. മേയ് മാസ് 20നായിരുന്നു അവസാനത്തെ ഫോൺ വിളി.
2019 ഒക്ടോബർ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്‍റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു