ന്യൂഡൽഹി: കൊക്ക കോളയും തംസ് അപ്പും നിരോധിക്കണമെന്ന് ആവശ്യവുമായി ഹർജി നൽകിയ ആൾക്ക് സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ഹർജിക്കാരനായ ഉമേധ്സിംഗ് ചവ്‌ദ എന്ന ആൾക്കാണ് സുപ്രീം കോടതി പിഴ ചുമത്തിയത്. വിഷയത്തെ കുറിച്ച് യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാതെയാണ് ഹർജി നൽകിയത് എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ടാണ് രണ്ടു ബ്രാൻഡുകൾ മാത്രം ലക്ഷ്യം വച്ച് ഹർജി സമർപ്പിച്ചത് എന്ന് വിശദീകരിക്കാൻ ഹർജിക്കാരന്റെ അഭിഭാഷകന് സാധിച്ചില്ല.
ശീതള പാനീയങ്ങൾ ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമേധ്സിംഗ് പൊതു താൽപര്യ ഹർജി നൽകിയത്. എന്നാൽ ഇത് തെളിയിക്കുന്ന വസ്തുതകൾ ഇയാൾ സമർപ്പിച്ചില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് , ഹേമന്ദ് ഗുപ്ത, അജയ് രസ്തോഗി, തുടങ്ങിയവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഹർജി സമർപ്പിച്ചതിന് കോടതി ചെലവായി അഞ്ചു ലക്ഷം രൂപ പിഴ ഒരു മാസത്തിനുള്ളിൽ കെട്ടി വക്കാൻ കോടതി ആവശ്യപ്പെട്ടു.