കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തൻ ശിക്ഷിക്കെപ്പട്ടു ജയിലില്‍ കിടന്നപ്പോഴും തള്ളിപ്പറയാതിരുന്ന പാര്‍ട്ടി നേതൃത്വം വിടവാങ്ങുമ്പോള്‍ കുഞ്ഞനന്തനു നൽകിയത് രക്തസാക്ഷി പരിവേഷം. കുഞ്ഞനന്തൻ കുറ്റവാളിയാണെന്നു കോടതി വിധിച്ചപ്പോഴും അത് അംഗീകരിക്കാന്‍ സിപിഎം തയാറായിരുന്നില്ല.
കുഞ്ഞനന്തന്‍ സമൂഹത്തോടു കരുതൽ കാണിച്ച സഖാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ കുഞ്ഞനന്തന്‍ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ട നേതാവായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചത്.
യുഡിഎഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണു കുഞ്ഞനന്തനെന്നാണു സിപിഎം അഭിപ്രായപ്പെട്ടത്. പാര്‍ട്ടിക്കു വേണ്ടി നിലകൊണ്ട നേതാവാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.
പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട് പാനൂരില്‍ പാര്‍ട്ടി കെട്ടിപ്പെടുത്തിയ കുഞ്ഞനന്തനെ യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ കുടുക്കുകയായിരുന്നുവെന്നു കോടിയേരി ബാലകൃഷ്ണൻ സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ കുറിച്ചു. കുഞ്ഞനന്തനെ വേട്ടയാടിയവർക്ക് ഇനി ആശ്വസിക്കാം, വേണമെങ്കിൽ ആ വേട്ടയാടൽ ഇനിയും തുടരാം എന്നുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
കുഞ്ഞനന്തൻ്റെ സംസ്കാരം ഇന്ന് കണ്ണൂർ പാനൂർ പാറാട്ടെ വീട്ടുവളപ്പിൽ നടക്കും. ഉച്ചയ്ക്ക് ഒരു മണിയോടെയായിരിക്കും സംസ്കാരം. തിരുവനന്തപുരത്തുനിന്ന് പാനൂരിൽ എത്തിച്ച മൃതദേഹം സിപിഎം പാനൂർ ഏരിയ കമ്മിറ്റി ഓഫിസായ രാജു സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. പത്തുമണിയോടെ കുഞ്ഞനന്തന്റെ സ്വദേശമായ പാറാട് ടൗണിലും ആദരാഞ്ജലി അർപ്പിക്കുന്നതിനു സൗകര്യമൊരുക്കും. കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും.
ഇടതുമുന്നണി കണ്‍വീനറും സിപിഎം നേതാക്കളും ഡിവൈഎഫ്ഐ നേതാക്കളും ചേര്‍ന്നാണു മൃതദേഹം ഏറ്റുവാങ്ങിയത്.
കുഞ്ഞനന്തന്റെ മരണവാര്‍ത്തയറിഞ്ഞ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇ.പി. ജയരാജനും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയിരുന്നു.