തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കണ്ടെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉത്സവം ചടങ്ങായി നടത്താനും തീരുമാനമായിട്ടുണ്ട്.
തീര്‍ഥാടകരെ അനുവദിക്കരുതെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കത്തു നല്‍കിയിരുന്നു. മാസ പൂജക്കു ഭക്തരെ പ്രവേശിപ്പിക്കണ്ടെന്ന നിലപാടില്‍ തന്ത്രി ഉറച്ചു നിന്നതോടെ ദര്‍ശനം വേണ്ടെന്നു വക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കൊറോണ ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജന സാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. പിന്നീട് ക്ഷേത്രം തുറക്കണമെന്ന് ബിജെപിയും പറഞ്ഞു. എന്നാൽ തന്ത്രി ശബരിമലയിൽ ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്നും, അപകടകരമാണെന്നും പറഞ്ഞത് തന്നെയായിരുന്നു സർക്കാരിന്‍റെ നിലപാട്. എന്നാൽ കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കുന്നില്ലെന്ന് പറഞ്ഞാലുള്ള സ്ഥിതി എന്തായേനെ എന്ന് കടകംപള്ളി ചോദിച്ചു. ഇത് രാഷ്ട്രീയമായി മുതലെടുക്കാൻ ഇവിടെ പലരും ശ്രമിച്ചേനെയും പലരും പല പേക്കൂത്തുകളും കാട്ടിക്കൂട്ടിയേനെയൊന്നും കടകംപള്ളി പരിഹസിച്ചു.
ക്ഷേത്രങ്ങൾ തുറക്കുന്നതിൽ വിവിധ മതനേതാക്കളുമായും ചർച്ച നടത്തിയിരുന്നതാണ്. അന്ന് എല്ലാവരും ക്ഷേത്രങ്ങൾ തുറക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാൽ ഇന്ന് സർക്കാർ തന്ത്രിയുടെ അഭിപ്രായം അംഗീകരിക്കുന്നു.
സർക്കാരുമായും ദേവസ്വംബോർഡുമായും ഒരു തരത്തിലുമുള്ള അഭിപ്രായഭിന്നത ഇല്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും വ്യക്തമാക്കി. ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാനുള്ള വിർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ തുടങ്ങേണ്ടതായിരുന്നു. അത് തൽക്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്.
മിഥുന മാസപൂജകൾക്കായി ഈ മാസം 14-ന് ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണർക്ക് ഇന്നലെ കത്ത് നൽകിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടൻ പ്രവേശിപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. തീരുമാനമെടുത്തത് തന്ത്രി കുടുംബവുമായി ആലോചിച്ചാണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് തന്ത്രിയുടെ ആവശ്യം തള്ളി. പക്ഷെ തന്ത്രിയുടെ അഭിപ്രായം മാനിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദം മുൻകൂട്ടി കണ്ട സർക്കാർ പെട്ടെന്ന് തന്നെ തന്ത്രിയെയും ദേവസ്വംബോർഡിനെയും ഒന്നിച്ചിരുത്തി ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.