ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചു: മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി; ദുരഭിമാനക്കൊലയെന്ന് സംശയം

ഹൈദരബാദ്: ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ച മകളെ മാതാപിതാക്കള്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാനയില്‍ ജോഗുലമ്പ-ഗദ്വാൾ ജില്ലയിലെ കലുകുന്ത്ലയിലാണ് കൊലപാതകം നടന്നത്. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊലയെന്ന് സംശയമുണ്ട്.

മരിച്ച യുവതിയടക്കം മൂന്ന് മക്കളാണ് മാതാപിതാക്കള്‍ക്ക്. കോളേജ് വിദ്യാര്‍ഥിനിയായ ഇരുപതുകാരിയായ ഇളയ മകളാണ് ആന്ധ്രാപ്രദേശിലെ കർനൂൾ ജില്ലയിൽ ഡിഗ്രിക്ക് പഠിക്കുന്നതിനിടെ യുവാവുമായി പ്രണയത്തിലായത്. പിന്നീട് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. അന്യജാതിയില്‍ പെട്ട ഇയാളുമായുള്ള പ്രണയത്തെ മാതാപിതാക്കള്‍ ആദ്യമേ എതിര്‍ത്തിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. യുവതി ഒളിച്ചോടിപ്പോയാലോ എന്ന് ഭയന്ന് അമ്മയും അച്ഛനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇവര്‍ എല്ലാവരോടും പറഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ യുവതിയെ മർദ്ദിച്ചതായി തെളിഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ കുറ്റം സമ്മതിച്ചത്.