അസാമിലെ എണ്ണ പാടത്തെ പൊട്ടിത്തെറി; രണ്ട് ജീവനക്കാരുടെ മ്യതദേഹങ്ങൾ കണ്ടെത്തി

അസാം: അസാമിലെ ടിന്‍സുകിയ ജില്ലയിലെ ബാഗ്ജാന്‍ എണ്ണ പാടത്തെ എണ്ണ കിണര്‍ പൊട്ടിത്തെറിച്ച് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഓയില്‍ ഇന്ത്യ ലിമിറ്റഡിലെ രണ്ട് ഫയര്‍മാന്‍മാരുടെ മൃതദേഹങ്ങളാണ് സമീപത്തെ കുളത്തില്‍ നിന്നും ദേശിയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

മരിച്ച ഡര്‍ലോവ്, ഗോഗോയ്, തിഖേശ്വര്‍ ഗോഹെയ്ന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കിണര്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഇരുവരും സ്ഥലത്ത് ഡ്യൂട്ടിയിലൃുണ്ടായിരുന്നെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു ഫയര്‍മാനെ പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കിണര്‍ കത്തിക്കൊണ്ടിരിക്കന്നതിനാല്‍ അനിയന്ത്രിതമായ തീ കാരണം രക്ഷാ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായിരുന്നു. മെയ് 27 നു ശേഷമുണ്ടായ സ്‌ഫോടനത്തിനു ശേഷം അസംസ്‌കൃത എണ്ണയും പ്രകൃതി വാതകവും തുടര്‍ച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതു നിയന്ത്രിക്കുന്നതിനായി ഓയില്‍ അധികൃതര്‍ സിങ്കപ്പൂര്‍ ആസ്ഥാനമായ അലേര്‍ട്ട് ഡിസാസ്റ്റര്‍ കണ്‍ട്രോളിനെ നിയമിച്ചു. ചൊവ്വാഴ്ച്ചയോടെയാണ് അലേര്‍ട്ടില്‍ നിന്നുമുള്ള മൂന്നു വിദഗ്ധര്‍ സൈറ്റില്‍ എത്തിയത്. ഇപ്പോള്‍ അന്തരീക്ഷം നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ പറഞ്ഞു. തീ ഇപ്പോഴും തുടരുകയാണ്. സമീപത്തെ താമസ സ്ഥലങ്ങളില്‍ നിന്നും 1600 കുടുംബങ്ങളെ വീടുകളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു.